അങ്കണവാടികളിൽ കുട്ടികൾക്ക് മോരും നാരങ്ങാവെള്ളവും കൊടുക്കണമെന്ന് നിർദേശം

  1. Home
  2. Trending

അങ്കണവാടികളിൽ കുട്ടികൾക്ക് മോരും നാരങ്ങാവെള്ളവും കൊടുക്കണമെന്ന് നിർദേശം

anganavadi


വേനൽക്കാലത്ത് കുട്ടികൾക്ക് പ്രത്യേക കരുതൽ നൽകണമെന്നും അങ്കണവാടികളും ഡേകെയർ സെന്ററുകളും ഇക്കാര്യം ശ്രദ്ധിക്കണമെന്നും ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. കുട്ടികൾക്കുള്ള പോഷകാഹാരങ്ങളും മറ്റും വിതരണം ചെയ്യേണ്ടതിനാൽ അങ്കണവാടികൾ പ്രവർത്തിക്കാതിരിക്കാനാവില്ല. ചൂട് കൂടി വരുന്നതിനാൽ കുട്ടികൾക്ക് നിർജലീകരണം സംഭവിക്കാതെ നോക്കണം. അവരെ ചൂട് അധികം ഏൽക്കാത്ത സ്ഥലങ്ങളിൽ ഇരുത്തുകയും ധാരാളം വെള്ളം കൊടുക്കുകയും ചെയ്യണം. അങ്കണവാടികളിൽ ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം മോരുവെള്ളം എന്നിവ നൽകണമെന്നും മന്ത്രി പുറത്തിറക്കിയ കുറിപ്പിൽ പറയുന്നുണ്ട്. 

രാവിലെ 10 മുതൽ വൈകിട്ട് 3.30 വരെയുള്ള സമയത്ത് അങ്കണവാടികളിലെ കുട്ടികളെ പുറത്തുള്ള പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കരുത്, അങ്കണവാടിക്കുള്ളിൽ വായു സഞ്ചാരം ഉറപ്പുവരുത്തണം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ഫാൻ ഇല്ലാത്ത അങ്കണവാടികളിൽ അത് വാങ്ങാനുള്ള നടപടികൾ ശിശുവികസന ഓഫീസർമാർ സ്വീകരിക്കണം, തണുപ്പ് തേടിക്കിടക്കുന്ന ഇഴജന്തുക്കൾ അങ്കണവാടികളിലും പരിസരത്തും ഇല്ലെന്ന് ഉറപ്പ് വരുത്തണം, എല്ലാ അങ്കണവാടികളിലും ദിശ നമ്പരും (1056, 104), തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെ നമ്പരും പ്രദർശിപ്പിക്കണമെന്നും നിർദേശമുണ്ട്.  

കുട്ടികൾ തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം, കുട്ടികൾക്ക് നൽകുന്ന ഭക്ഷണത്തിൽ പഴവർഗങ്ങൾ ഉൾപ്പെടുത്തണം, കഴിയുന്നതും ഇളംനിറമുള്ള അയവുള്ള കോട്ടൺ വസ്ത്രങ്ങൾ കുട്ടികളെ ധരിപ്പിക്കണം, കുട, വെള്ള കോട്ടൻ തൊപ്പി മുതലായവ പുറത്തിറങ്ങുമ്പോൾ ഉപയോഗിക്കാൻ പറയണം, ഉഷ്ണതരംഗവുമായി ബന്ധപ്പെട്ട അസുഖങ്ങളുടെ ലക്ഷണങ്ങൾ കുട്ടികളിൽ കണ്ടാൽ ഉടൻ അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണം എന്നിവയാണ് കുറിപ്പിൽ നൽകിയിരിക്കുന്ന മറ്റു നിർദേശങ്ങൾ.