'നേതാക്കൾ പറയും ശിങ്കിടികൾ നടപ്പാക്കും'; തൃശൂർ ഡിസിസി ഓഫീസിലെ കൂട്ടത്തല്ലിൽ പത്മജ

  1. Home
  2. Trending

'നേതാക്കൾ പറയും ശിങ്കിടികൾ നടപ്പാക്കും'; തൃശൂർ ഡിസിസി ഓഫീസിലെ കൂട്ടത്തല്ലിൽ പത്മജ

padmaja


തൃശൂർ ഡിസിസി ഓഫീസിലെ കൂട്ടത്തല്ലിൽ പ്രതികരണവുമായി ബിജെപി നേതാവ് പത്മജ വേണുഗോപാൽ. തൃശൂരിൽ പോസ്റ്ററിൽ വന്നവർ മാത്രമല്ല വില്ലന്മാർ. അവരുടെ ശിങ്കിടികളും വില്ലന്മാരായുണ്ടെന്നും പത്മജ പറഞ്ഞു. നേതാക്കൾ പറയും ശിങ്കിടികൾ നടപ്പാക്കും. പറഞ്ഞത് കേട്ടില്ലെങ്കിൽ ഡൽഹിയിലെ വലിയ നേതാവിന്റെ പേരും സംസ്ഥാനത്തെ ഒരു നേതാവിന്റെ പേരും പറയും. നേതാക്കൾ വന്നാൽ ഡിസിസി പ്രസിഡന്റിനെ വരെ കാറിൽ കയറ്റാതെ ഇടിച്ചു കയറുമെന്നും പത്മജ പറഞ്ഞു. 

അതിനിടെ, തൃശ്ശൂർ ഡിസിസി ഓഫീസിലെ കൂട്ടയടിക്ക് പിന്നാലെ വീണ്ടും പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. എംപി വിൻസന്റിനെതിരെയാണ് പോസ്റ്റർ വന്നിരിക്കുന്നത്. തൃശ്ശൂർ പ്രസ് ക്ലബ്ബിന് മുന്നിലാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്. തുടർച്ചയായ നാലാം ദിവസമാണ് തൃശ്ശൂരിൽ കെ മുരളീധരന്റെ തോൽവിയെ തുടർന്ന് പോസ്റ്റർ പതിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ യുഡിഎഫ് ചെയർമാൻ എംപി വിൻസന്റിനും അനിൽ അക്കരയ്ക്കും എതിരെ പോസ്റ്ററുകൾ വന്നിരുന്നു.

കെ മുരളീധരന്റെ തോൽവിക്ക് പിന്നാലെയാണ് ഗ്രൂപ്പ് തിരിഞ്ഞ് പോസ്റ്ററുകൾ പതിക്കുന്നത് ആരംഭിച്ചത്. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിനും മുൻ എംപി ടിഎൻ പ്രതാപനുമെതിരെ കഴിഞ്ഞ ദിവസങ്ങളിലും പോസ്റ്റർ ഉയർന്നിരുന്നു.