പാലക്കാട് ഉപതെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം; അവസാന മണിക്കൂറിൽ ആവേശം വാനോളം: റോഡ് ഷോ ആരംഭിച്ചു
പാലക്കാട് ഉപതെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ മണിക്കൂറുകള്‍ മാത്രം ബാക്കി നിൽക്കെ പാലക്കാട് ആവേശം വാനോളം. പരസ്യപ്രചാരണം കൊട്ടിക്കലാശത്തിലേക്ക് കടക്കുമ്പോള്‍ മുന്നണികളെല്ലാം തികഞ്ഞ ആവേശത്തിലാണ്. വൈകിട്ട് നാലോടെ ബിജെപിയുടെയും യുഡിഎഫിന്‍റെയും എൽഡിഎഫിന്‍റെയും റോഡ് ഷോ ആരംഭിച്ചു. മൂന്നു മുന്നണികളുടെയും പ്രവര്‍ത്തകരാൽ നിറഞ്ഞിരിക്കുകയാണ് പാലക്കാട്. കൊട്ടിക്കലാശത്തിന് വലിയ ജനക്കൂട്ടമാണ് എത്തിയിരിക്കുന്നത്.
എൽഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിൻ, യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുൽ മാങ്കൂട്ടത്തിൽ, എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ തമ്മിലുള്ള ത്രികോണപ്പോരിൽ 20ന് ജനം വിധിയെഴുതാനിരിക്കെ പരസ്യപ്രചാരണത്തിന്‍റെ സമാപനം ആവേശകടലാക്കി മാറ്റുകയാണ് പ്രവര്‍ത്തകര്‍. റോഡ് ഷോയ്ക്ക് പിന്നാലെയായിരിക്കും പാലക്കാട് സ്റ്റേഡിയം പരിസരത്ത് കൊട്ടിക്കലാശം നടക്കുക.
യുഡിഎഫ് സ്ഥാനാ൪ത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്‍റെ റോഡ് ഷോ ഒലവക്കോട് നിന്നാണ് ആരംഭിച്ചത്. നീല ട്രോളി ബാഗുമായിട്ടാണ് രാഹുൽ മാങ്കൂട്ടത്തിൽ കലാശക്കൊട്ടിനെത്തിയത്. സന്ദീപ് വാര്യരും രമേശ് പിഷാരടിയും റോഡ്ഷോയില്‍ രാഹുലിനൊപ്പം പങ്കെടുക്കുന്നുണ്ട്.
എൽഡിഎഫ് സ്ഥാനാർത്ഥി ഡോ.പി.സരിന്റെ റോഡ്ഷോ വൈകീട്ട് നാലോടെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നും ആരംഭിച്ചു. പി സരിനൊപ്പം എംബി രാജേഷും റോഡ് ഷോയിൽ പങ്കെടുക്കുന്നുണ്ട്. ബിജെപി സ്ഥാനാർത്ഥി സി.കൃഷ്ണകുമാറിന്‍റെ റോഡ് ഷോ മേലാമുറി ജങ്ഷനിൽ നിന്നുമാണ് ആരംഭിച്ചത്.ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിനൊപ്പം ശോഭ സുരേന്ദ്രൻ, തുഷാര്‍ വെള്ളാപ്പള്ളി തുടങ്ങിയ സ്ഥാനാര്‍ത്ഥികളും റോഡ്ഷോയിൽ പങ്കെടുക്കുന്നുണ്ട്.
റോഡ്ഷോയ്ക്ക് പിന്നാലെ എല്ലാ പ്രകടനങ്ങളും പാലക്കാട് സ്റ്റേഡിയം പരിസരത്താണ് സമാപിക്കുക. കൊട്ടിക്കലാശത്തിനായി മൂന്നു മുന്നണികളുടെയും പ്രവര്‍ത്തകരാര്‍ പാലക്കാട് സ്റ്റേഡിയം പരിസരം നിറഞ്ഞു. സ്ഥാനാര്‍ത്ഥികളുടെ കട്ടൗട്ടുകളും പതാകയുമായാണ് പ്രവര്‍ത്തകര്‍ എത്തിയിരിക്കുന്നത്. യുഡിഎഫ് പ്രവര്‍ത്തകര്‍ ഉമ്മൻചാണ്ടിയുടെ ഫോട്ടോ അടക്കം ഉയര്‍ത്തിപിടിച്ചാണ് ഒത്തുചേര്‍ന്നിരിക്കുന്നത്.
സന്ദീപ് വാര്യരുടെ വരവോടെ പാലക്കാട് ആവേശം ഇരട്ടിയായിട്ടുണ്ടെന്നും 15,000 ഭൂരിപക്ഷമുണ്ടാകുമെന്നുമാണ് യുഡിഎഫ് പ്രവര്‍ത്തകരും നേതാക്കളും അവകാശപ്പെടുന്നത്. അതേസമയം, യുഡിഎഫിനെ കടപുഴക്കി കടലിൽ തള്ളുമെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. അവസാന നിമിഷത്തെ കള്ളപ്രചാരണം തള്ളിക്കളയണം. കെ.മുരളീധരൻ ഞങ്ങൾക്ക് പ്രയോജനം ചെയ്തു. അദ്ദേഹത്തിന് ഇതിൽ കൂടുതൽ പാർട്ടിയിൽ നിന്ന് കൊണ്ട് പറയാനാകില്ലെന്നും എംബി രാജേഷ് പറഞ്ഞു. പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ വലിയ ഭൂരിപക്ഷത്തിൽ തന്നെ ജയിക്കുമെന്നും തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും മുതിര്‍ന്ന നേതാവ് ശോഭ സുരേന്ദ്രൻ പ്രതികരിച്ചു.