പാലക്കാട് പോളിങ് കുതിക്കുന്നു; ആവേശത്തിൽ നേതാക്കൾ
പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ ഇതുവരെ 20.50 ശതമാനം പോളിങ്. മണ്ഡലത്തിലെ 184 ബൂത്തുകളിലും പോളിങ് പുരോഗമിക്കുകയാണ്. മഹാരാഷ്ട്രയിലെ 288 നിയമസഭാ മണ്ഡലങ്ങളിലേക്കും ജാർഖണ്ഡിൽ രണ്ടാം ഘട്ടമായി 38 നിയമസഭാ മണ്ഡലങ്ങളിലേക്കും ഇന്നാണു വോട്ടെടുപ്പ്. വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. ആറരയോടെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരും.
പാലക്കാട് നഗരസഭ, പിരായിരി, കണ്ണാടി, മാത്തൂർ പഞ്ചായത്തുകൾ ഉൾപ്പെടുന്ന നിയമസഭാ മണ്ഡലത്തിൽ 1,94,706 വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. അതേസമയം പാലക്കാട്ടെ 153 ാം നമ്പർ ബൂത്തിലെ ഇരട്ട വോട്ട് ലിസ്റ്റുമായി മാത്തൂർ സിപിഎം രംഗത്തുവന്നു. വർഷങ്ങളായി മാത്തൂർ പഞ്ചായത്തിൽ താമസിക്കാത്ത, വോട്ടർ പട്ടികയിൽ പേരുളളവരുടെ ലിസ്റ്റാണ് തയ്യാറാക്കിയത്. ഇരട്ട വോട്ടു ചെയ്യാനെത്തുന്നവരെ തടയുമെന്ന് എൽഡിഎഫ് ബൂത്ത് കമ്മിറ്റി വ്യക്തമാക്കി. 32 ഇരട്ട വോട്ടുകളാണ് ഉളളത്.10 വർഷമായി പൊന്നാനിയിൽ താമസിക്കുന്ന 3 പേർ വരെ വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഒറ്റപ്പാലം, തിരൂർ മണ്ഡലങ്ങളിൽ വോട്ടുളളവരുണ്ട്. 15 വർഷമായി പൊന്നാനിയിൽ താമസിക്കുന്നവരും പട്ടികയിലുണ്ട്. മുമ്പും ഇതിന് സമാനമായ രീതിയിൽ നിയമ വിരുദ്ധമായി ഇരട്ട വോട്ടുകളുണ്ടായിട്ടുണ്ട്. എല്ലാം കോൺഗ്രസ് വോട്ടുകളാണ്. ഇത്തവണ സൂക്ഷ്മമായി പരിശോധിച്ചാണ് ഇരട്ടവോട്ട് പട്ടിക തയ്യാറാക്കിയതെന്നും ലിസ്റ്റിലുളളവരെത്തിയാൽ തടയുമെന്നും സിപിഎം വ്യക്തമാക്കി.
അതിനിടെ പിരായിരിയിൽ വോട്ട് ചെയ്യാനെത്തിയ ഒരാളുടേത് ഇരട്ട വോട്ടെന്ന് എൽഡിഎഫ് ആക്ഷേപം ഉയർത്തി. പിരായിരി ജി എൽ പി സ്കൂളിലെത്തിയ വോട്ടറുടെ ഫോട്ടോ എടുക്കുകയും സത്യവാങ്മൂലം എഴുതി വാങ്ങുകയും ചെയ്തു. അതിന് ശേഷമാണ് വോട്ടറെ വോട്ട് ചെയ്യാൻ അനുവദിച്ചത്.
എന്നാൽ പാലക്കാട്ടെ വോട്ടർമാരുടേത് മതേതര മനസ്സാണെന്നും നല്ല ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ജനങ്ങളെ വെല്ലുവിളിക്കുന്നവരെ ജനം തിരിച്ചറിയുമെന്നായിരുന്നു എൽഡിഎഫ് സ്ഥാനാർഥി പി.സരിന്റെ പ്രതികരണം. വികസനം ചർച്ചയാക്കിയെന്നും ബിജെപി ഒന്നാം സ്ഥാനത്തെത്തുമെന്നും എൻഡിഎ സ്ഥാനാർഥി സി.കൃഷ്ണകുമാർ പറഞ്ഞു.
പാലക്കാട് നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണു യുഡിഎഫ്. കോൺഗ്രസിനെ ഞെട്ടിച്ച് പാര്‍ട്ടി വിട്ട സരിന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്ന നിലയില്‍ തന്‍റെ രാഷ്ട്രീയ തീരുമാനം ശരിയാണെന്ന് തെളിയിക്കണം. മെട്രോമാൻ ഇ.ശ്രീധരനിലൂടെ കഴിഞ്ഞ തവണ നടത്തിയ മുന്നേറ്റം തുടരാനും ഇത്തവണ കൃഷ്ണകുമാറിലൂടെ മണ്ഡലം പിടിക്കാമെന്നുമാണ് ബിജെപിയുടെ കണക്കുക്കൂട്ടൽ.