പാലിയേക്കര ടോൾ നിർത്തി; നാലാഴ്ച പിരിക്കരുതെന്ന് ഹൈക്കോടതി
പാലിയേക്കര ടോൾ പ്ലാസയിലെ ടോൾ പിരിവ് നാലാഴ്ചത്തേക്ക് ഹൈക്കോടതി തടഞ്ഞു. ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ നാലാഴ്ചയ്ക്കുള്ളിൽ നടപടിയെടുക്കണമെന്ന് കോടതി ദേശീയപാത അതോറിറ്റിക്ക് നിർദേശം നൽകി.
ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമുണ്ടാക്കാതെ പാലിയേക്കര ടോൾ പ്ലാസയിൽ ടോൾ പിരിക്കുന്നത് താൽക്കാലികമായി തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളിലാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
ഗതാഗതക്കുരുക്ക് ഏതാനും കിലോമീറ്റർ മാത്രമാണുള്ളതെന്നും സർവീസ് റോഡ് വഴി ഗതാഗതം വഴിതിരിച്ചുവിട്ടിട്ടുണ്ടെന്നും ദേശീയപാത അതോറിറ്റി കോടതിയെ അറിയിച്ചു. ടോൾ പിരിവ് കരാറനുസരിച്ചുള്ള സൗകര്യങ്ങൾ നൽകാതെ നിരക്ക് വർദ്ധിപ്പിക്കുന്നതിനെ ഹർജിക്കാർ ചോദ്യം ചെയ്തിരുന്നു. തൃശ്ശൂർ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്, ഷാജി കോടകണ്ടത്ത് എന്നിവരാണ് ഹർജികൾ സമർപ്പിച്ചത്.
