പന്തീരാങ്കാവ് ഗാർഹിക പീഡനം: പ്രതി രാഹുലിനായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കും

  1. Home
  2. Trending

പന്തീരാങ്കാവ് ഗാർഹിക പീഡനം: പ്രതി രാഹുലിനായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കും

pantheerankavu


പന്തീരങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുലിനായി അന്വേഷണ സംഘം ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കും. ഇയാൾ വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് നോട്ടീസ് പുറത്തിറക്കുന്നത്. രാഹുൽ വിദേശത്ത് പോയിട്ടില്ലായെന്നാണ് ബന്ധുക്കൾ പറയുന്നത്.

രാഹുലിന്റെ മൊബൈൽ സിഗ്നൽ കർണാടകത്തിൽ നിന്ന് കിട്ടിയിരുന്നു. ഇവിടെ നിന്ന് ഇയാൾ വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കൂടി പൊലീസ് കണക്കിലെടുക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കർണാടകത്തിലെ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. 

രാഹുലിന്റെ ബന്ധുക്കളിൽ നിന്ന് ഇന്ന് തന്നെ മൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘം ശ്രമിക്കുന്നുണ്ട്. ഇന്നലെ മൊഴിയെടുക്കാൻ അന്വേഷണ സംഘം വീട്ടിലെത്തിയിരുന്നെങ്കിലും വീട് പൂട്ടിയിരുന്നതിനാൽ മടങ്ങുകയായിരുന്നു. പന്തീരാങ്കാവിലെ ഭർതൃവീട്ടിൽ സ്ത്രീധനത്തിന്‍റെ പേരിൽ ക്രൂരമായ പീഡനം നേരിട്ടെന്നായിരുന്നു പറവൂർ സ്വദേശിയായ നവവധുവിന്‍റെ വെളിപ്പെടുത്തൽ.

കേബിൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്താൻ ഭർത്താവ് രാഹുൽ ശ്രമിച്ചെന്നും ലഹരിയിലായിരുന്ന രാഹുൽ ഒരു രാത്രി മുഴുവൻ അടച്ചിട്ട മുറിയിൽ മർദ്ദിച്ചെന്നും പെൺകുട്ടി വെളിപ്പെടുത്തുന്നു.  സ്ത്രീധനത്തിന്‍റെ പേരിലാണ് ക്രൂരമായ ആക്രമണമെന്ന് പരാതി നൽകിയിട്ടും ഗാർഹിക പീഡനത്തിന് മാത്രം കേസ് എടുത്ത പൊലീസ് നടപടിയ്ക്കെതിരെയും യുവതിയും കുടുംബവും രംഗത്ത് വന്നിരുന്നു. 

വിവാഹം കഴിഞ്ഞ് ഒരാഴ്ച തികയും മുൻപ് അതായത് മെയ് 11ന് പന്തീരാങ്കാവിലെ വീട്ടിൽ ഭർത്താവ് നടത്തിയ ക്രൂരതയാണ് യുവതി വെളിപ്പെടുത്തുന്നത്. വീട് കാണൽ ചടങ്ങിനെത്തിയ അമ്മയും സഹോദരനുമടക്കം മുഖത്തും ശരീരത്തിലുമേറ്റ പാടുകളും രക്തക്കറയും കണ്ടത് കൊണ്ട് മാത്രമാണ് എല്ലാം തുറന്ന് പറഞ്ഞതെന്നാണ് പെൺകുട്ടിയുടെ മൊഴി.

രാത്രി 1 മണിയോടെയാണ് മർദ്ദനം. പക്ഷെ വീട്ടിൽ അമ്മയും രാഹുലിന്‍ർറെ സുഹൃത്തുമടക്കം ഉണ്ടായിട്ടും ആരും സഹായത്തിനെത്തിയില്ല. 150 പവനും കാറുമായിരുന്നു ഭർത്താവിന്‍റെ ആവശ്യം. ഭർത്താവിന്‍റെ അമ്മയടക്കമുള്ളവരുടെ പിന്തുണയോടെയാണ് സംഭവമെന്ന് സംശയിക്കുന്നതായും യുവതി പറഞ്ഞു.

ഗുരുതരമായ കുറ്റകൃത്യത്തിൽ പൊലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചയും യുവതി ചൂണ്ടികാട്ടുന്നു. ഗാര്‍ഹിക പീഡനം, ആയുധം കൊണ്ട് ആക്രമിക്കല്‍ തുടങ്ങി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പന്തീരങ്കാവ് പൊലീസ് കേസെടുത്തിരിക്കുന്നത്.