പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; യുവതിയുടെ പരാതിയിൽ ഭര്‍ത്താവ് രാഹുലിനെതിരെ വീണ്ടും കേസ്

  1. Home
  2. Trending

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; യുവതിയുടെ പരാതിയിൽ ഭര്‍ത്താവ് രാഹുലിനെതിരെ വീണ്ടും കേസ്

rahul


പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിൽ യുവതിയുടെ പരാതിയിൽ ഭര്‍ത്താവായ രാഹുലിനെതിരെ വീണ്ടും കേസെടുത്ത് പൊലീസ്. ഇന്നലെ രാത്രി മര്‍ദനമേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് പൊലീസ് യുവതിയുടെ മൊഴിയെടുത്തിരുന്നു. 85 BNS (498(A) IPC) വകുപ്പുകള്‍ പ്രകാരം ഭർതൃ പീഡനം, നരഹത്യ ശ്രമം എന്നീ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയത്. പറവൂർ സ്വദേശിയായ യുവതിയാണ് പരാതി നൽകിയത്.

പന്തീരാങ്കാവ് പൊലീസാണ് രാഹുലിനെതിരെ വീണ്ടും കേസെടുത്തത്. നിലവിൽ രാഹുൽ പൊലീസ് കസ്റ്റഡിയിലാണ്. മദ്യപിച്ച് ബഹളമുണ്ടാക്കിയ സംഭവത്തിൽ രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്നലെ പുലര്‍ച്ചെ പാലാഴി ഭാഗത്ത് പ്രശ്നം ഉണ്ടാക്കിയതിനായിരുന്നു പൊലീസ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. ഇതിനിടെയാണ് വീണ്ടും മര്‍ദനമേറ്റെന്ന പരാതിയുമായി യുവതി പന്തീരാങ്കാവ് പൊലീസിൽ പരാതി നൽകിയത്.

രാഹുൽ മര്‍ദ്ദിച്ചുവെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. ഇന്നലെ രാത്രി മെഡിക്കല്‍ കോളേജിലെത്തി യുവതിയുടെ മൊഴിയെടുത്ത പൊലീസുകാരോട് മർദനത്തിൽ പരാതിയില്ലെന്നായിരുന്നു യുവതി പറഞ്ഞിരുന്നത്. ഇതിന് പിന്നാലെ പരാതിയുണ്ടെന്നും പൊലീസിൽ പരാതി നൽകുമെന്നും വ്യക്തമാക്കി യുവതിയുടെ അച്ഛൻ രം​ഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് യുവതിയും പരാതിയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്.  ഇന്നലെ രാത്രിയാണ് യുവതിയെ മർദനമേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവതിയുടെ കണ്ണിലും മുഖത്തുമാണ് പരിക്കേറ്റിട്ടുള്ളത്. പരാതി ഇല്ലെന്ന് പറഞ്ഞ യുവതി സ്വന്തം നാടായ എറണാകുളത്തേക്ക് മടങ്ങി പോകണമെന്നാണ് പൊലീസിനോട് നേരത്തെ ആവശ്യപ്പെട്ടത്. 

രാഹുലിനെതിരെ യുവതി മുമ്പ് നൽകിയ ഗാർഹിക പീഡനക്കേസ് റദ്ദാക്കി ഹൈക്കോടതിയിരുന്നു. കേസ് റദ്ദാക്കണമെന്ന രാഹുൽ ​ഗോപാലിന്‍റെ ഹർജി ഹൈക്കോടതി അം​ഗീകരിക്കുകയായിരുന്നു. കോഴിക്കോടേയ്ക്ക് വിവാഹം കഴിപ്പിച്ച് അയച്ച വടക്കൻ പറവൂർ സ്വദേശിയായ യുവതിയാണ് ​ഗാർഹിക പീഡന പരാതി ഉന്നയിച്ച് രം​ഗത്തെത്തിയത്. ഭർത്താവ് രാഹുൽ ​ഗോപാലിനെതിരെയാണ് യുവതി പരാതി നൽകിയത്. എന്നാൽ, പിന്നീട് യുവതി മൊഴി മാറ്റിപ്പറഞ്ഞ് തനിക്ക് പരാതിയില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷമുള്ള ​ഗാർഹിക പീഡന പരാതി എന്ന നിലയിൽ സംഭവം വലിയ രീതിയിൽ ചർച്ചയായിരുന്നു. 

കേസിലെ പ്രതിയായിരുന്ന രാഹുൽ ​ഗോപാൽ, താനും ഭാര്യയും തമ്മിലുള്ള പ്രശ്നങ്ങൾ പറഞ്ഞു തീർത്തു അതിനാൽ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകുകയായിരുന്നു. ഭർത്താവ് തന്നെ ഉപദ്രവിച്ചിട്ടില്ലെന്ന് ഭാര്യയും കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. അഭിപ്രായ വ്യത്യാസങ്ങളും തെറ്റിദ്ധാരണകളും മാത്രമാണ് ഉണ്ടായിരുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് പരാതിയുമായി രം​ഗത്ത് വന്നത്. അതുകൊണ്ട് തന്നെ ഭർത്താവിനെതിരായ കേസ് പിൻവലിക്കണം. ഭർത്താവിനൊപ്പം ജീവിക്കാനാണ് താത്പര്യം എന്നും അറിയിച്ചിരുന്നു. ഇത് പരി​ഗണിച്ചാണ് കോടതി രാഹുൽ ​ഗോപാലിനെതിരായ എഫ്ഐആർ റദ്ദാക്കിയത്.