2024-ൽ വീണ്ടും മോദി സർക്കാർ വരുന്നത് രാജ്യത്തിന് ദുരന്തം; മോദിയെ വിമർശിച്ച് നിർമ്മല സീതാരാമന്റെ ഭർത്താവ്

  1. Home
  2. Trending

2024-ൽ വീണ്ടും മോദി സർക്കാർ വരുന്നത് രാജ്യത്തിന് ദുരന്തം; മോദിയെ വിമർശിച്ച് നിർമ്മല സീതാരാമന്റെ ഭർത്താവ്

Prabhakar criticize modi


സാമ്പത്തികം ഉൾപ്പെടെ പല ആഭ്യന്തര കാര്യങ്ങളിലും നരേന്ദ്ര മോദി കഴിവില്ലാത്തയാളാണെന്ന് സാമ്പത്തിക വിദഗ്ധനും ധനമന്ത്രി നിർമലാ സിതാരാമന്റെ ഭർത്താവുമായ പരകാല പ്രഭാകർ.  മാധ്യമപ്രവർത്തകൻ കരൺ ഥാപ്പറുമായി നടത്തിയ അഭിമുഖത്തിലാണ് നരേന്ദ്ര മോദി സർക്കാരിനെ പ്രഭാകർ രൂക്ഷമായി വിമർശിച്ചത്.

ഇന്ത്യയിൽ വിഘടന വാദമുയർത്തി ഭിന്നത സൃഷ്ടിക്കുന്നതിലാണ് മോദിയുടെ മികവ്. ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്ന വികാരങ്ങൾ ഉണ്ടാക്കാൻ പ്രധാനമന്ത്രി മോദി വളരെ സമർത്ഥനാണ്. 2014-ലെ തെരഞ്ഞെടുപ്പിൽ വികസനം വാഗ്ദാനം ചെയ്ത് വിജയിച്ച ഭാരതീയ ജനതാ പാർട്ടി ഹിന്ദുത്വ വാദത്തെ ഒളിച്ചുകടത്തുകയായിരുന്നു. സമ്പദ്‌വ്യവസ്ഥയ്ക്ക് മാത്രമല്ല 2024-ൽ വീണ്ടും മോദി സർക്കാർ അധികാരത്തിലെത്തുന്നത് ഇന്ത്യക്ക് തന്നെ ദുരന്തമായിരിക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജനങ്ങളെ അണിനിരത്താനുള്ള കഴിവ് കൊണ്ട് മാത്രമാണ്  മോദിയും ബിജെപിയും ജനപ്രീതി നേടുന്നത്. ഇന്ത്യ അപകടകരമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. ജനാധിപത്യമൂല്യങ്ങളെല്ലാം രാജ്യത്ത് ഇന്ന് അന്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രഭാകർ എഴുതിയ ‘ദി ക്രൂക്കഡ് ടിംബർ ഓഫ് ന്യൂ ഇന്ത്യ’ എന്ന പുസ്തകം മെയ് 14ന് പ്രകാശനം ചെയ്തിരുന്നു. ഇന്ത്യയിലെ സാമ്പത്തിക, രാഷ്ട്രീയ മേഖലകളെ മോദി സർക്കാർ കൈകാര്യം ചെയ്തത് എങ്ങനെയെന്ന് പ്രതിപാദിക്കുന്ന ലേഖനങ്ങൾ അടങ്ങിയതാണ് പുസ്തകം. ഇന്ന് രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്ന ന്യായവിരുദ്ധമായ പല കാര്യങ്ങളും മറ്റുള്ളവരുടെ മുന്നിൽ അവതരിപ്പിക്കണമെന്ന് തോന്നിയതിനാലാണ് പുസ്തകം എഴുതിയതെന്ന് പ്രഭാകർ പറഞ്ഞു.