മാതാപിതാക്കൾ ചികിത്സ നിഷേധിച്ചു, മഞ്ഞപ്പിത്തം ബാധിച്ച ഒരു വയസുകാരൻ മരിച്ചു, അന്വേഷണം

മലപ്പുറം കോട്ടയ്ക്കലിൽ ഒരുവയസുകാരൻ മരിച്ചത് ചികിത്സ നൽകാത്തതിനാലെന്ന് ആക്ഷേപം. മഞ്ഞപ്പിത്തം ബാധിച്ച കുഞ്ഞിന് മതിയായ ചികിത്സ നൽകാഞ്ഞതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് സംശയം. മലപ്പുറം കോട്ടയ്ക്കൽ പാങ്ങ് സ്വദേശികളായ ഹിറ ഹറീറയുടെയും നവാസിന്റെയും മകൻ എസൻ എർഹാനാണ് മരിച്ചത്. സംഭവത്തിൽ വ്യക്തത വരുത്താൻ ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. അതേസമയം കുഞ്ഞിന്റെ ബന്ധുക്കൾ ഈ ആരോപണം തള്ളിക്കളഞ്ഞു.
മലപ്പുറം ഡിഎംഒ വിഷയത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പിന്നാലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഹിറയുടെയും നവാസിന്റെയും വീട്ടിലെത്തി മൊഴിയെടുത്തു. നവാസ് കാടാമ്പുഴ പോലീസ് സ്റ്റേഷനിൽ മൊഴികൊടുക്കാൻ പോയിരിക്കുകയാണ്. ഹിറ ആരോടും സംസാരിക്കാവുന്ന അവസ്ഥയിലുമല്ല. വീട്ടിൽ ബാക്കിയുള്ള ബന്ധുക്കളോട് ചോദിക്കുമ്പോൾ വ്യത്യസ്തമായ കാര്യങ്ങളാണ് പറയുന്നതെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
കുഞ്ഞിന് മഞ്ഞപ്പിത്തം ഇല്ലായിരുന്നുവെന്നും പാലുകുടിച്ചുകൊണ്ടിരുന്ന കുഞ്ഞ് പെട്ടെന്ന് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു എന്നുമാണ് ബന്ധുക്കൾ ഉദ്യോഗസ്ഥരോട് പറഞ്ഞിരിക്കുന്നത്. പിന്നാലെ, ഒരു ഡോക്ടർ വീട്ടിലെത്തി പരിശോധിച്ച് മരണം സ്ഥിരീകരിച്ചുവെന്നും, കുഞ്ഞിനെ കോട്ടയ്ക്കലിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നുവെന്നും അടക്കം വ്യത്യസ്തമായ കാര്യങ്ങളാണ് വീട്ടുകാർ പറയുന്നത്.
അതേസമയം, കുഞ്ഞിന് മഞ്ഞപ്പിത്തം ഉണ്ടായിരുന്നതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. അതിന് മതിയായ ചികിത്സ ലഭിച്ചിരുന്നുവോ എന്നാണ് അവർ ഇപ്പോൾ പരിശോധിച്ചുവരുന്നത്. കുഞ്ഞിന്റെ മാതാപിതാക്കൾ അശാസ്ത്രീയ ചികിത്സാരീതികളെ പ്രോത്സാഹിപ്പിക്കുന്നവരാണ് എന്നാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.