ടി പി ചന്ദ്രശേഖരൻ വധക്കേസ്; 10 പ്രതികള്‍ക്ക് പരോള്‍

  1. Home
  2. Trending

ടി പി ചന്ദ്രശേഖരൻ വധക്കേസ്; 10 പ്രതികള്‍ക്ക് പരോള്‍

tp


ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചു. കൊടി സുനി ഒഴികെ 10 പ്രതികള്‍ക്കാണ് പരോള്‍ അനുവദിച്ചത്.തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കഴിഞ്ഞതോടെയാണ് നടപടി. 
പ്രതികളായ മനോജ്, രജീഷ്, മുഹമ്മദ് ഷാഫി, സിജിത്ത്, സിനോജ് എന്നിവര്‍ക്കാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പരോള്‍ അനുവദിച്ചത്. കഴിഞ്ഞ മാര്‍ച്ചില്‍ ഇവരുടെ പരോള്‍ അപേക്ഷ ജയില്‍ ഉപദേശക സമിതി അംഗീകരിച്ചിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഉള്ളതിനാലാണ് പരോളില്‍ പുറത്തിറങ്ങാന്‍ സാധിക്കാതിരുന്നത്. പെരുമാറ്റച്ചട്ടം പിൻവലിച്ചതോടെയാണ് ഇവർ വെള്ളിയാഴ്ച പുറത്തിറങ്ങിയത്.
സ്വാഭാവിക നടപടി മാത്രമാണെന്നാണ് ജയില്‍ വകുപ്പിന്റെ വിശദീകരണം. പ്രതികള്‍ക്ക് പരോളിന് അര്‍ഹതയുണ്ട്. 60 ദിവസത്തെ സാധാരണ പരോളിനും 45 ദിവസത്തെ പ്രത്യേക പരോളിനും ഇവര്‍ക്ക് അര്‍ഹതയുണ്ട്. ഇത് അനുസരിച്ചുള്ള അപേക്ഷയിലാണ് ജയില്‍ ഉപദേശക സമിതിയുടെ തീരുമാനമെന്നും ജയില്‍ വകുപ്പ് അറിയിച്ചു.
എല്‍ഡിഎഫ് സർക്കാർ അധികാരത്തില്‍ വന്ന ശേഷം ടിപി വധക്കേസിലെ പ്രതികള്‍ക്ക് പരോള്‍ ലഭിച്ചത് 2013 ദിവസമാണെന്നു നിയമസഭയില്‍ സർക്കാർ 2022ല്‍ വെളിപ്പെടുത്തിയിരുന്നു. തടവുകാലത്തെ ആശുപത്രിവാസത്തിനു പുറമെയാണ് 11 പ്രതികള്‍ക്കു പല തവണയായി 6 മാസത്തോളം പരോള്‍ ലഭിച്ചത്.