'വികസനത്തിന് ഇടവേളയുണ്ടാകരുത് എന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്'; കേരളം എൽഡിഎഫിനൊപ്പമെന്ന് മുഖ്യമന്ത്രി
കേരളത്തിന്റെ വികസനത്തിന് ഇടവേളയുണ്ടാകരുതെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും വോട്ടർമാർ എൽഡിഎഫിന് ഒപ്പമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പിണറായിയിലെ ആർസി അമല യുപി സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ തിരഞ്ഞെടുപ്പ് കേരളത്തിന്റെ ഭാവി നിർണ്ണയിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാ മേഖലകളിലും നേട്ടങ്ങൾ കൈവരിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. "നാടിന്റെ പുരോഗതിക്ക് ആര് ഭരിക്കണമെന്ന് ജനങ്ങൾക്ക് വ്യക്തമായ ബോധ്യമുണ്ട്. വികസനവും ക്ഷേമവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാൻ എൽഡിഎഫിന് മാത്രമേ കഴിയൂ. അഴിമതിരഹിത സംസ്ഥാനമായി കേരളം മാറിയത് എൽഡിഎഫിന്റെ രാഷ്ട്രീയ സംസ്കാരം കൊണ്ടാണ്," അദ്ദേഹം പറഞ്ഞു.
യുഡിഎഫ് ഭരണകാലത്ത് പദ്ധതികൾ സ്തംഭിച്ച അവസ്ഥയായിരുന്നുവെന്നും എൽഡിഎഫ് വന്നതോടെയാണ് മാറ്റം പ്രകടമായതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പണം നൽകിയോ വർഗ്ഗീയ നീക്കങ്ങൾ നടത്തിയോ കേരളത്തിലെ പ്രബുദ്ധരായ വോട്ടർമാരെ സ്വാധീനിക്കാൻ കഴിയില്ലെന്ന് പാലക്കാട്ടെ വിവാദങ്ങളെ പരോക്ഷമായി പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും രേവന്ത് റെഡ്ഡിയുടെയും പ്രസ്താവനകൾക്ക് തിരഞ്ഞെടുപ്പിന് ശേഷം മറുപടി നൽകാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
