പിഎഫ്ഐ ഭീകരപ്രവർത്തനത്തിന് വിദേശത്തുനിന്ന് പണമെത്തിച്ചു'; 12 തവണ നോട്ടീസ് നൽകി, ഫൈസി ഹാജരായില്ലെന്ന് ഇഡി

പോപ്പുലർ ഫ്രണ്ട് ഭീകരപ്രവർത്തനങ്ങൾക്കായി ഇന്ത്യയ്ക്കകത്തു നിന്നും പുറത്തു നിന്നും പണം ശേഖരിച്ചെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. ഹവാല ഇടപാടുകളിലൂടെയും സംഭാവനയുടെ രൂപത്തിലുമാണ് പണമെത്തിച്ചത്. പിഎഫ്ഐയുമായി ബന്ധപ്പെട്ട കേസിൽ ഇതുവരെ 61.72 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എസ്ഡിപിഐ ദേശീയ അധ്യക്ഷൻ എം കെ ഫൈസിയെ അറസ്റ്റ് ചെയ്ത ശേഷം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇഡി ഇക്കാര്യങ്ങൾ വിശദീകരിച്ചത്.
12 തവണ നോട്ടീസ് നൽകിയിട്ടും ഫൈസി ഹാജരായില്ലെന്നും ഇതോടെയാണ് തുടർ നടപടികൾ ആരംഭിച്ചതെന്നും ഇഡി വ്യക്തമാക്കി. എസ്ഡിപിഐയ്ക്കും പിഎഫ്ഐയ്ക്കും ഒരേ നേതൃത്വവും അണികളുമാണുള്ളത്. എസ്ഡിപിഐയുടെ സാമ്പത്തിക ഇടപാടുകൾ നിയന്ത്രിച്ചത് പിഎഫ്ഐയാണ്. എസ്ഡിപിഐയുടെ ദൈനംദിന പ്രവർത്തനങ്ങൾ, നയരൂപീകരണം, തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സ്ഥാനാർത്ഥികളെ തീരുമാനിക്കൽ, പൊതുപരിപാടികൾ എന്നിവ തീരുമാനിക്കുന്നത് പിഎഫ്ഐയാണ്. എസ്ഡിപിഐക്കായി തെരഞ്ഞെടുപ്പ് ഫണ്ട് നൽകുന്നത് പോപ്പുലർ ഫ്രണ്ടാണ്. എസ്‌ഡിപിഐക്ക് നാല് കോടിയോളം രൂപ നൽകിയതിന് തെളിവ് ലഭിച്ചെന്നും ഇതിന്‍റെ ഉറവിടം സംശയാസ്പദമാണെന്നും ഇഡി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വിശദീകരിച്ചു.
ആന്തരികമായി ഇസ്ലാമിക പ്രസ്ഥാനമായും ബാഹ്യമായി സാമൂഹിക പ്രസ്ഥാനമെന്ന നിലയിലുമാണ് എസ്‌ഡിപിഐ പ്രവർത്തിക്കുന്നതെന്ന് ഇഡി പറയുന്നു. രാജ്യത്ത് ആക്രമണവും ഭീകര പ്രവർത്തനവും നടത്താൻ ഗൾഫ് രാജ്യങ്ങളിൽ നിന്നടക്കം പണം ശേഖരിച്ചു. റമദാൻ കളക്ഷന്‍റെ പേരിൽ പ്രാദേശികമായും പണം സ്വരൂപിച്ചെന്ന് ഇഡി ആരോപിക്കുന്നു. എസ്ഡിപിഐ ദേശീയ അധ്യക്ഷനെന്ന നിലയിൽ എം കെ ഫൈസിയുടെ അധികാരത്തിനും നിയന്ത്രണത്തിനും കീഴിലാണ് എല്ലാം നടന്നതെന്നും ഇഡി പറയുന്നു.
പിഎഫ്ഐയുടെ ഭാരവാഹികളോ അംഗങ്ങളോ ആയ 26 പേരെ ഇതിനകം അറസ്റ്റ് ചെയ്തു. ഇവരിൽ ചെയർമാൻ, ജനറൽ സെക്രട്ടറി, ഭാരവാഹികൾ, അംഗങ്ങൾ എന്നിവർ ഉൾപ്പെടുന്നു. പട്യാല ഹൗസ് കോടതി ആറ് ദിവസത്തേക്കാണ് എം കെ ഫൈസിയെ ഇഡിയുടെ കസ്റ്റഡിയിൽ വിട്ടത്.