ഫോൺ ചോർത്തൽ കേസ്; മുൻ എം.എൽ.എ പി.വി അൻവറിനെതിരെ കേസെടുത്തു
ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് മുൻ എം.എൽ.എ പി.വി അൻവറിനെതിരെ കേസെടുത്തു. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് പോലീസ് അൻവറിനെതിരെ കേസെടുത്തത്. കൊല്ലം സ്വദേശി മുരുഗേഷ് നരേന്ദ്രൻ ആണ് പി.വി അൻവറിനെതിരെ പരാതി നൽകിയത്. പൊലീസ് ഉദ്യോഗസ്ഥരുടെ അടക്കം പലരുടെയും ഫോൺ കോളുകൾ ചോർത്തിയിട്ടുണ്ടെന്ന് അൻവർ തന്നെയാണ് വെളിപ്പെടുത്തിയത്. കഴിഞ്ഞ സെപ്തംബറിൽ മലപ്പുറം ഗസ്റ്റ് ഹൗസിൽ വെച്ച് നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു വെളിപ്പെടുത്തൽ. ഇതിന് പിന്നലെയാണ് മുരുഗേഷ് നരേന്ദ്രൻ പൊലീസിൽ പരാതി നൽകിയത്. ഇയാൾ മലപ്പുറം പൊലീസ് സ്റ്റേഷനിൽ ഹാജരായി മൊഴി നൽകിയിരുന്നു.
ഇൻഫർമേഷൻ ടെക്‌നോളജി ആക്ട്, ടെലികമ്യൂണിക്കേഷൻ ആക്ട് എന്നിവ പ്രകാരമാണ് അൻവറിനെതിരെ കേസെടുത്തിരിക്കുന്നത്. അൻവറിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ പരാതി നൽകിയതിനാൽ തന്റെ ഫോണും ചേർത്തിയിട്ടുണ്ടെന്നും പി.വി അൻവറിനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടാണ് മുരുഗേഷ് നരേന്ദ്രൻ പോലീസിൽ പരാതി നൽകിയത്. പരാതിയിൽ നടപടിയില്ലാതെ വന്നതോടെ അദ്ദേഹം ഹൈകോടതിയെ സമീപിച്ചു. വ്യക്തികളുടെ അനുമതിയില്ലാതെ ഭരണഘടന പൗരന് നൽകുന്ന മൗലികാവകാശമായ സ്വകാര്യത ലംഘിച്ച് നിയമവിരുദ്ധമായി ഫോൺ ചോർത്തിയത് കേസെടുക്കാവുന്ന ഗൗരവകരമായ കുറ്റകൃത്യമാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
