ശബരിമലയിൽ ഇനി ഫ്ലൈഓവര്‍ ഒഴിവാക്കി നേരിട്ടെത്താം; കൂടുതൽ സമയം ദർശനം

  1. Home
  2. Trending

ശബരിമലയിൽ ഇനി ഫ്ലൈഓവര്‍ ഒഴിവാക്കി നേരിട്ടെത്താം; കൂടുതൽ സമയം ദർശനം

sabarimala


ശബരിമലയില്‍ ഫ്ലൈ ഓവര്‍ ഒഴിവാക്കി, തീർത്ഥാടകർക്ക് നേരിട്ട് ദര്‍ശനം നടത്താന്‍ ദേവസ്വം ബോര്‍ഡ് ഒരുക്കുന്ന പുതുവഴിയുടെ നിര്‍മാണം അവസാന ഘട്ടത്തില്‍. പതിനെട്ടാംപടി കയറിയെത്തുന്ന തീർത്ഥാടകരെ നേരിട്ട് ശ്രീകോവിലിന് മുന്നിലേക്ക് കടത്തി വിടുന്നതാണ് രീതി. മീനമാസ പൂജയ്ക്കായി വെള്ളിയാഴ്ച നട തുറക്കുമ്പോൾ പുതിയ വഴിയിലൂടെ ആളുകളെ പ്രവേശിപ്പിക്കും.

പതിനെട്ടാംപടി കയറിയെത്തുന്ന ഭക്തര്‍ നിലവില്‍ ഫ്ലൈഓവര്‍ വഴി ചുറ്റിയാണ് ദര്‍ശനം നടത്തുന്നത്. പരമാവധി നാലോ അഞ്ചോ സെക്കന്‍റ് നേരമാണ് പ്രാര്‍ഥിക്കാന്‍ അവസരവും കിട്ടുന്നത്. പുതിയ പ്ലാന്‍ അനുസരിച്ച് പടികയറിയെത്തുന്ന ഭക്തര്‍ ഫ്ലൈ ഓവറിലേക്ക് പോകേണ്ട. കൊടിമരത്തിന്‍റെ ഇരുവശങ്ങളിലൂടെ ശ്രീകോവിലിന് മുന്നിലേക്ക് പ്രവേശിക്കാം. പുതിയ വഴിയിലൂടെ വരുമ്പോള്‍ ദര്‍ശനത്തിന് ഇരുപത് സെക്കന്‍റ് വരെയെങ്കിലും സമയവും ലഭിക്കും. 

രണ്ടുവരികളിലായി ഭക്തരെ കടത്തിവിടാനായി നടുവില്‍ നീളത്തില്‍ കാണിക്കവഞ്ചി സ്ഥാപിക്കും. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. മീന മാസ പൂജയ്ക്കായി മാര്‍ച്ച് 14ന് നടതുറക്കുമ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഭക്തരെ കടത്തിവിടാനാണ് തീരുമാനം. അടിയന്തരഘട്ടങ്ങളില്‍ തിരക്ക് നിയന്ത്രിക്കാന്‍ ഫ്ലൈ ഓവര്‍ നിലനിര്‍ത്തുകയും ചെയ്യും. പുതിയ സംവിധാനം ഏര്‍പ്പെടുത്താന്‍ തന്ത്രിയുടെയും ഹൈക്കോടതിയുടെയും അനുമതി ലഭിച്ചിരുന്നതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പിഎസ് പ്രശാന്ത് പറഞ്ഞു.