പിണറായി 3.0; മൂന്നാം ഭരണം ഉറപ്പെന്ന് നേതാക്കൾ, പിണറായി വിജയൻ നയിക്കുമോ എന്നത് ഇപ്പോൾ തീരുമാനിച്ചിട്ടില്ല

സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് കൊടിയേറിയതോടെ ചർച്ച തുടർ ഭരണവും പിണറായി വിജയനും തന്നെ. മൂന്നാം ഭരണം ഉറപ്പെന്ന് പറഞ്ഞ എംവി ഗോവിന്ദൻ പിണറായി വിജയൻ നയിക്കുമോ എന്നത് ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രായപരിധി മാനദണ്ഡത്തിൽ പി.കെ. ശ്രീമതിയെയും എകെ ബാലനെയും ഒഴിവാക്കാൻ നേതൃത്വം തീരുമാനിച്ചു. മുൻ മന്ത്രി ഡോ. ടിഎം തോമസ് ഐസക്ക് പിണറായി സര്‍ക്കാര്‍ തന്നെ അധികാരത്തിലെത്തുമെന്ന് വ്യക്തമാക്കി.
പികെ ശ്രീമതിയും മന്ത്രി മുഹമ്മദ് റിയാസും മൂന്നാം തവണയും എൽഡിഎഫ് തന്നെ അധികാരത്തിലെത്തുമെന്ന് പ്രതികരിച്ചു. ഇത്തരത്തിൽ ഒന്നല്ല, രണ്ടല്ല, മൂന്നാം തവണയും എൽഡിഎഫ് ഭരണം എന്നത് ഒരു ടാഗ്‍ലൈൻ ആക്കി മാറ്റുകയാണ് സിപിഎം നേതാക്കൾ. മൂന്നാം ഭരണമെന്ന ഒരു തരം പ്രതീതി സൃഷ്ടിക്കലാണ് കൊല്ലത്തെ സംസ്ഥാന സമ്മേളനത്തിൽ കാണുന്നത്.
ഒരു നേതാവിലേക്ക് ചുരുങ്ങുന്ന പാർട്ടിയും ഒരു നേതാവിൽ കേന്ദ്രീകരിക്കുന്ന ചർച്ചകളുമാണ് നടക്കുന്നത്. സംഘടനയെ ഇഴകീറി പരിശോധിക്കേണ്ട
സമ്മേളന വേദിയിൽ പോലും അധികാര തുടർച്ചയ്ക്കാണ് പ്രധാന്യം. കൊല്ലം സമ്മേളനത്തിലെ ഒരു അലിഖിത അജണ്ട തന്നെയാണ് പിണറായി വിജയൻ. ഹാട്രിക് സ്വപ്നം കണ്ടും അത് പറഞ്ഞും പാർട്ടിയുടെ നടപ്പ് രീതികൾ തന്നെ മറന്ന് തുടങ്ങി. നാല് ദിവസത്തെ സമ്മേളനത്തിൽ രണ്ട് ദിവസത്തെ നടപടികളും മുഖ്യമന്ത്രിയിൽ കേന്ദ്രീകരിച്ച് തന്നെയാണ്.