ലീഗിനെ വേണം, പക്ഷേ പതാക വേണ്ട എന്നാണ് കോൺഗ്രസ് നിലപാട്; വിമർശിച്ച് മുഖ്യമന്ത്രി
വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ റാലിയിൽ മുസ്ലിം ലീഗിൻറെ പതാക ഒഴിവാക്കിയ നടപടിയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ് സ്വന്തം പതാക പോലും ഉയർത്തിപ്പിടിക്കാൻ കഴിയാത്ത പാർട്ടിയാണെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പതാക ഒഴിവാക്കിയത് കോൺഗ്രസ് ഭീരുത്വമാണെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. ലീഗിനെ വേണം, പക്ഷേ പതാക വേണ്ട എന്നാണ് കോൺഗ്രസ് നിലപാടെന്നും അദ്ദേഹം പരിഹസിച്ചു.
ബിജെപിയെ ഭയന്ന് കോൺഗ്രസ് പതാക ഒളിപ്പിച്ചുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ത്രിവർണ്ണ പതാക ഉപേക്ഷിക്കണമെന്ന സംഘ പരിവാർ ആവശ്യത്തിന് കോൺഗ്രസ് വഴങ്ങുകയാണോ എന്നും അദ്ദേഹം ചോദിച്ചു. ലീഗിന്റെ പതാക ഇന്ത്യയിലെ പാർട്ടിയുടെ കോടിയാണെന്ന് ആർജവത്തോടെ പറയാൻ കോൺഗ്രസ് തയാറാകണമായിരുന്നുവെന്നും പിണറായി വിജയൻ വാർത്താസമ്മേളത്തിൽ പറഞ്ഞു. അസ്തിത്വവും പണയം വെച്ച കോൺഗ്രസ് എങ്ങനെ സംഘപരിവാറിനെ നേരിടുമെന്നും മുഖ്യമന്ത്രി ചോദിച്ചു.