'തീ കെടുത്തിയവർക്ക് അഭിനന്ദനം, പ്രത്യേക സംഘം അന്വേഷിക്കും'; ബ്രഹ്‌മപുരം വിഷയത്തിൽ മറുപടി പറഞ്ഞ് മുഖ്യമന്ത്രി

  1. Home
  2. Trending

'തീ കെടുത്തിയവർക്ക് അഭിനന്ദനം, പ്രത്യേക സംഘം അന്വേഷിക്കും'; ബ്രഹ്‌മപുരം വിഷയത്തിൽ മറുപടി പറഞ്ഞ് മുഖ്യമന്ത്രി

Black umbrella and mask banned in Calicut University before CM visit


ബ്രഹ്‌മപുരം തീപിടുത്തത്തിൽ നിയമസഭയിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കൂട്ടായ പരിശ്രമത്തിലൂടെയാണ് തീ അണച്ചതെന്നും അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ബ്രഹ്‌മപുരം തീപിടുത്തം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മാലിന്യത്തിന്റെ ആറ് മീറ്ററോളം താഴ്ചയിൽ തീപിടിച്ചത് പ്രതിസന്ധിയുണ്ടാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദഗ്ധ അഭിപ്രായം സ്വീകരിച്ചാണ് മുന്നോട്ട് പോയത്. കൃത്രിമ മഴ അടക്കമുള്ള സാധ്യതകൾ തേടിയെന്നും എന്നാൽ പ്രായോഗികമല്ലാത്തതിനാൽ സാധാരണ രീതി അവലംബിക്കുകയായിരുന്നുവെന്നും അദ്ദേഹം സഭയിൽ പറഞ്ഞു. ബ്രഹ്‌മപുരത്ത് തീപിടുത്തവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ക്രിമിനിൽ കേസ് പൊലീസിന്റെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം അന്വേഷിക്കും. പ്ലാന്റിന്റെ ആരംഭം മുതലുള്ള എല്ലാ നടപടികളും സംബന്ധിച്ച് ഒരു വിജിലൻസ് അന്വേഷണം നടത്തും.

ബ്രഹ്‌മപുരത്ത് തീപിടുത്തത്തിലേക്ക് നയിച്ച കാരണങ്ങൾ ഉൾപ്പെടെ, ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾ സംബന്ധിച്ചും, മാലിന്യസംസ്‌കരണ പദ്ധതി പ്രവർത്തനക്ഷമമാക്കാനും ഇത്തരം അപകടങ്ങൾ ഭാവിയിൽ ഒഴിവാക്കാനും കഴിയുന്ന നിർദ്ദേശങ്ങൾ സമർപ്പിക്കാനായി സാങ്കേതിക വിദഗ്ധർ ഉൾപ്പെടെയുള്ള ഒരു വിദഗ്ധ സംഘത്തെ നിയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ബ്രഹ്‌മപുരത്തെ മാലിന്യസംസ്‌കരണ പ്ലാന്റിലെ തീ മാർച്ച് 13ന് പൂർണമായും അണച്ചു. വിവിധ  ഏജൻസികളും ഇരുന്നൂറ്റി അൻപതോളം ഫയർ ആൻഡ് റെസ്‌ക്യൂ ജീവനക്കാർ രണ്ട്  ഷിഫ്റ്റുകളിലായി രാപ്പകൽ ഭേദമില്ലാതെ പ്രവർത്തിച്ചു. 32  ഫയർ യൂണിറ്റുകൾ, നിരവധി ഹിറ്റാച്ചികൾ, ഉയർന്ന ശേഷിയുള്ള മോട്ടോർ പമ്പുകൾ എന്നിവ ഇതിനായി ഉപയോഗിച്ചു. 2000 അഗ്‌നിശമനസേനാ പ്രവർത്തകരും 500 സിവിൽ ഡിഫൻസ് വാളണ്ടിയർമാരും പ്രവർത്തനങ്ങളിൽ പങ്കാളികളായി. വളരെ ചിട്ടയോടെ നടത്തിയ കൂട്ടായ ശ്രമത്തിന്റെ ഭാഗമായാണ് തീ അണയ്ക്കാൻ കഴിഞ്ഞത്. ഈ പ്രവർത്തനത്തിൽ പങ്കാളികളായ ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ്, ആരോഗ്യ വകുപ്പ്, സിവിൽ ഡിഫൻസ്, പോലീസ്, കൊച്ചി കോർപറേഷൻ എന്നിവയിലെ  ജീവനക്കാർ തുടങ്ങി എല്ലാവർക്കും  അഭിനന്ദനങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു. 

തീപിടുത്തമുണ്ടായത് മുതൽ സർക്കാർ, ജില്ലാ ഭരണസംവിധാനം, കൊച്ചി കോർപറേഷൻ എന്നിവരുടെ നേതൃത്വത്തിൽ  യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികൾ സ്വീകരിച്ചു.  മാർച്ച് മൂന്നിന് തന്നെ കലക്ടറേറ്റിൽ കൺട്രോൾ റൂം സജ്ജീകരിച്ചു. മാർച്ച് നാലിന് മുഖ്യമന്ത്രിയുടെ നിർദ്ദേശമനുസരിച്ച് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം നടത്തുകയും സ്ഥിഗതികൾ വിലയിരുത്തുകയും അടിയന്തിര നടപടികൾ നിർദേശിക്കുകയും ചെയ്തു. മാർച്ച് അഞ്ചിന് വ്യവസായ, ആരോഗ്യ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിമാർ കൊച്ചിയിൽ ഉന്നതതല യോഗം ചേർന്ന് തീയണക്കുന്നതിനും ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനുമുള്ള നടപടികൾക്ക് വേഗം കൂട്ടി. തുടർപ്രവർത്തനങ്ങൾ മന്ത്രിതലത്തിൽ ഏകോപിപ്പിച്ചു. മാർച്ച് ഏഴിന് ദുരന്തനിവാരണ നിയമത്തിലെ വ്യവസ്ഥകൾ ഉപയോഗിച്ച്  അഗ്നിശമന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തി. വ്യോമസേനയെയും വിന്യസിച്ചു.

മാർച്ച് എട്ടിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗം സ്ഥിതിഗതികൾ വിലയിരുത്തി. പ്രശ്നപരിഹാര ശ്രമങ്ങൾ ഊർജിതമാക്കാനുള്ള നടപടികൾ നിർദേശിച്ചു. മാർച്ച് പത്തിന് വ്യവസായ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിമാർ ബ്രഹ്‌മപുരം സന്ദർശിച്ച്  സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തി. തുടർന്ന് മന്ത്രിമാർ പങ്കെടുത്ത് ജനപ്രതിനിധികൾ, ഫ്ളാറ്റ്-റസിഡൻസ് അസോസിയേഷൻ, വ്യാപാരി വ്യവസായി സംഘടനാ ഭാരവാഹികൾ, ആരോഗ്യവിദഗ്ധർ  എന്നിവരുടെ യോഗങ്ങൾ പ്രത്യേകം പ്രത്യേകം ചേരുകയുണ്ടായി. മാർച്ച് 13ഓടുകൂടി തീ പൂർണമായും അണയ്ക്കാനായി. ചെറിയ തീപിടുത്തങ്ങൾ ആവർത്തിക്കാനുള്ള സാധ്യത കണക്കിലെടുത്ത് തുടർന്നും ജാഗ്രതയും മുൻകരുതലും പുലർത്തിവരുന്നുണ്ട്.

ബ്രഹ്‌മപുരത്ത് വേർതിരിക്കാതെ നിരവധി വർഷങ്ങളായി നിക്ഷേപിച്ചിട്ടുള്ള മാലിന്യത്തിനാണ് തീപിടിച്ചത്. മാലിന്യം പല അടുക്കുകളായി ഉണ്ടായിരുന്നതും, തീ ആറ് മീറ്ററോളം ആഴത്തിൽ കത്തിയതും അഗ്നിശമന പ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളി ഉയർത്തി. തീയണക്കാനുള്ള  വാഹനങ്ങൾക്കും യന്ത്രസാമഗ്രികൾക്കും മാലിന്യകൂമ്പാരത്തിനിടയിലൂടെ കടന്നുപോകാൻ ആദ്യ ഘട്ടത്തിലുണ്ടായ പ്രയാസം മറ്റൊരു വെല്ലുവിളിയായിരുന്നു. എന്നാൽ അത് പെട്ടെന്ന് തന്നെ പരിഹരിക്കാനായി. തീയണക്കുന്നതിന് വിവിധ കോണുകളിൽ നിന്നുള്ള വിദഗ്ദ്ധാഭിപ്രായം സർക്കാർ നിരന്തരം തേടിക്കൊണ്ടിരുന്നു. ജനപ്രതിനിധികളും മറ്റും നൽകിയ നിർദേശങ്ങളുടെ പ്രായോഗികതയും സർക്കാർ പരിഗണിക്കുകയുണ്ടായി. കൃത്രിമ മഴ, കാർബൺ ഡൈ  ഓക്സൈഡിന്റെ പ്രയോഗം എന്നിങ്ങനെ ജനപ്രതിനിധികളിൽ ചിലർ മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ പരിഗണിക്കുകയുണ്ടായെങ്കിലും പ്രായോഗികമല്ലെന്നായിരുന്നു വിദഗ്ദ്ധാഭിപ്രായം. മാലിന്യം ഇളക്കിമറിച്ച ശേഷം വെള്ളം പമ്പ് ചെയ്ത് തീയണക്കുന്ന  രീതിയാണ് ബ്രഹ്‌മപുരത്ത് അവലംബിച്ചത്. ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധസമിതിയും വിദഗ്ദ്ധാഭിപ്രായം തേടി സർക്കാർ സമീപിച്ച ന്യൂയോർക് സിറ്റി ഫയർ ഡിപ്പാർട്മെന്റിന്റെ ഡെപ്യൂട്ടി ചീഫ് ജോർജ് ഹീലിയും ബ്രഹ്‌മപുരത്ത് അവലംബിച്ച രീതി തന്നെയാണ് ഏറ്റവും ഫലപ്രദമെന്നാണ് അഭിപ്രായപ്പെട്ടത്.

തീപിടുത്തമുണ്ടാവുകയും പുക പടരുകയും ചെയ്തതു  മുതൽ ഏതൊരു അടിയന്തിര സാഹചര്യത്തെയും നേരിടാനുള്ള മുൻകരുതലും തയാറെടുപ്പും ആരോഗ്യ വകുപ്പ് സ്വീകരിക്കുകയുണ്ടായി. എറണാകുളം മെഡിക്കൽ കോളേജിലും  രണ്ട്  താലൂക്ക് ആശുപത്രികളിലും പ്രത്യേക വാർഡുകൾ, ജില്ലാ ആശുപത്രിയിൽ  100  ഓക്സിജൻ ബെഡുകൾ, കളമശേരി ആശുപത്രിയിൽ സ്‌മോക്ക് കാഷ്വാലിറ്റി എന്നിവയും അതിനു പുറമെ മൊബൈൽ മെഡിക്കൽ യൂണിറ്റുകളും പ്രവർത്തനക്ഷമമാക്കി. സ്വകാര്യ ആശുപത്രികളും ആരോഗ്യ രക്ഷാപ്രവർത്തങ്ങളിൽ നന്നായി സഹകരിച്ചു.  പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ രണ്ട്  കൺട്രോൾ റൂമുകളും സജ്ജീകരിച്ചു. നാലാം തീയതി മുതൽ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം നിരന്തരം നിരീക്ഷിക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തി.

ഗർഭിണികൾ, കുട്ടികൾ, വയോധികർ എന്നിവർക്ക് പ്രത്യേകം ആരോഗ്യ സംരക്ഷണം  സംബന്ധിച്ച  മാർഗ നിർദേശങ്ങളും  പുറത്തിറങ്ങുന്നവർ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നുമുള്ള നിർദേശവും  നൽകി. പ്രത്യേക മെഡിക്കൽ ക്യാമ്പുകളും സംഘടിപ്പിക്കുകയുണ്ടായി. ലഭ്യമായ കണക്കനുസരിച്ച് 1,335 പേരാണ് സർക്കാർ, സ്വകാര്യ ആശുപത്രികളിൽ വൈദ്യസഹായം തേടിയത്. 128 പേർ 10 വയസ്സിൽ താഴെയുള്ള കുട്ടികളും 262 പേർ 60 വയസ്സിനു മുകളിലുള്ളവരുമാണ്. 21 പേർക്കാണ് കിടത്തി ചികിത്സ ആവശ്യമായിവന്നത്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ആർക്കുമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.