ഗവര്‍ണറുടെ വാര്‍ത്താസമ്മേളനം അസാധാരണ സംഭവം, ആര്‍എസ്എസ് പിന്തുണയുള്ളയാളാണ് എന്ന് ഊറ്റം കൊള്ളുന്നത് ശരിയാണോ; ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

  1. Home
  2. Trending

ഗവര്‍ണറുടെ വാര്‍ത്താസമ്മേളനം അസാധാരണ സംഭവം, ആര്‍എസ്എസ് പിന്തുണയുള്ളയാളാണ് എന്ന് ഊറ്റം കൊള്ളുന്നത് ശരിയാണോ; ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

pinarayi


രാജ്ഭവന്‍ കേന്ദ്രീകരിച്ച് അസാധാരണകാര്യങ്ങളാണ് സംഭവിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ഗവര്‍ണറുടെ വാര്‍ത്താസമ്മേളനം അസാധാരണ സംഭവമാണ്. രാജ്ഭവന്‍ ഇതിന്റെ വേദിയായി മാറേണ്ടി വന്നിരിക്കുകയാണെന്നും സാധാരണ നിന്ന് പറയുന്നത് അദ്ദേഹം ഇരുന്ന് പറയുകയാണ് ഉണ്ടായതെന്നും പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ആശയവിനിമയത്തിന് നിയതമായ മാര്‍ഗങ്ങള്‍ ഉണ്ട്.അങ്ങനെയുള്ള മാര്‍ഗങ്ങളിലൂടെ വിയോജിപ്പ് ഉണ്ടെങ്കില്‍ അറിയിക്കാവുന്നതാണ്.അതിന് പകരം ഈരീതിയിലുള്ള പരസ്യ നിലപാടുകള്‍ എടുക്കുന്നത് കൊണ്ടാണ് ഇക്കാര്യം പറയേണ്ടി വരുന്നത്.ഭരണഘടനയാണ് പ്രധാനം. ഗവര്‍ണറാണ് സംസ്ഥാനത്തിന്റെ ഭരണഘടനാ തലവന്‍. ഭരണ നിര്‍വഹണ അധികാരം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണ്. മന്ത്രിസഭയുടെ സഹായവും ഉപദേശവും അനുസരിച്ച് വേണം ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത്.
ഗവര്‍ണര്‍ ഒപ്പിട്ടിരിക്കുന്ന ഒരു നിയമത്തിനും അദ്ദേഹത്തിന് വ്യക്തിപരമായി ഉത്തരവാദിത്തമല്ല. സര്‍ക്കാരിനാണ് അതിന്റെ ഉത്തരവാദിത്തമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിവിധ സുപ്രീംകോടതി വിധികള്‍ അനുസരിച്ച് മന്ത്രിസഭയുടെ തീരുമാനം നിരസിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല.കേന്ദ്ര- സംസ്ഥാന ബന്ധങ്ങളെ കുറിച്ച പഠിച്ച സര്‍ക്കാരിയ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഗവര്‍ണര്‍ പദവിയെ കുറിച്ച് പറയുന്നുണ്ട്. സജീവ രാഷ്ട്രീയത്തില്‍ ഇടപെടാത്ത ആളാകാണ് ഗവര്‍ണര്‍ പദവിയില്‍ ഇരിക്കേണ്ടത്.കേന്ദ്രത്തിന്റെ ഏജന്റിനെ പോലെ വിവിധ സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാര്‍ പെരുമാറിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. സര്‍ക്കാരിന്റെ ഏജന്റ് അല്ല ഗവര്‍ണര്‍. ഗവര്‍ണര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രശംസയും സ്നേഹവും വാരിക്കോരി നല്‍കിയത് ആര്‍എസ്എസിന് ആണെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

സംഘടനകളില്‍ നിന്ന് അകലം പാലിക്കേണ്ട പദവിയാണ് ഗവര്‍ണര്‍ സ്ഥാനം.ആര്‍എസ്എസ് പിന്തുണയുള്ളയാളാണ് എന്ന് ഊറ്റം കൊള്ളുന്നത് ശരിയാണോ എന്ന് അദ്ദേഹവും അദ്ദേഹത്തെ സഹായിക്കുന്നവരും വ്യക്തമാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവര്‍ണറുടെ ഓഫീസിനെ രാഷ്ട്രീയ ഉപജാപക കേന്ദ്രമാക്കി മാറ്റുന്നതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.1986 മുതല്‍ തന്നെ ആര്‍എസ്എസുമായി ബന്ധമുണ്ടെന്നനാണ് ആരിഫ് മുഹമ്മദ് ഖാന്‍ പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.