പ്ലസ് വൺ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ പ്ലസ് വൺ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. ഊതുട്ടുകാല സ്വദേശിനി പ്രതിഭയാണ് മരിച്ചത്. നെയ്യാറ്റിൻകര ജിഎച്ച്എസ്എസ് വിദ്യാർഥിനിയാണ്. ക്ലാസിൽ സ്വന്തമായി സുഹൃത്തുക്കളില്ലെന്ന് മകൾ പറഞ്ഞിരുന്നതായി പ്രതിഭയുടെ അമ്മ പ്രീത പറഞ്ഞു. ഇടയ്ക്ക് മൂന്ന് ദിവസം കുട്ടി സ്കൂളിൽ എത്തിയിരുന്നില്ല.
അധ്യാപകർ വിളിച്ചു പറഞ്ഞപ്പോഴാണ് താൻ ഇക്കാര്യം അറിഞ്ഞത്. സഹപാഠികൾ സംസാരിക്കുമെങ്കിലും സ്വന്തമായി സുഹൃത്തുക്കളില്ലാത്തതിനാൽ സ്കൂളിൽ പോകാൻ കഴിയില്ലെന്നും മകൾ പറഞ്ഞിരുന്നതായി അമ്മ പറഞ്ഞു. പത്താം ക്ലാസ് വരെ നെല്ലിമൂട് സ്കൂളിലായിരുന്നു പ്രതിഭ പഠിച്ചിരുന്നത്. കുട്ടിയുടെ താൽപര്യ പ്രകാരമാണ് നെയ്യാറ്റിൻകര സ്കൂളിൽ ചേർന്നതെന്ന് കുടുംബം പറഞ്ഞു. എന്നാൽ, പ്രതിഭയെ സ്കൂളിൽ ആരും ഒറ്റപ്പെടുത്തിയിട്ടില്ലെന്ന് അധ്യാപകർ അറിയിച്ചു.
