വ്ളോദിമിർ സെലൻസ്കിയെ ചേർത്ത് പിടിച്ച് മോദി; വിവിധ മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കാൻ ഇന്ത്യ- യുക്രൈൻ ധാരണ
പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുക്രൈൻ പ്രസിഡൻറ് വ്ളോദിമിർ സെലൻസ്കിയുമായുള്ള കൂടിക്കാഴ്ച അവസാനച്ചു. 3 മണിക്കൂർ നീണ്ടു നിന്ന കൂടിക്കാഴ്ച അൽപ്പം മുന്നേയാണ് അവസാനിച്ചു. വിവിധ മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കാൻ ഇന്ത്യയും യുക്രൈനും തീരുമാനിച്ചു. ഇന്ത്യ - യുക്രൈൻ സഹകരണം ശക്തമാക്കാനുള്ള 4 കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പു വച്ചു. കരാറുകൾ സംബന്ധിച്ച വിവരങ്ങൾ സംയുക്ത വാർത്താക്കുറിപ്പിലൂടെ വൈകാതെ പുറത്തുവിടും.
റഷ്യമായുള്ള യുദ്ധം തുടരുന്നതിനിടെ യുക്രൈനിലെത്തിയ മോദിയെ കെട്ടിപ്പിടിച്ചാണ് പ്രസിഡൻറ് സെലൻസ്കി സ്വീകരിച്ചത്. ഈ ചിത്രം സോഷ്യൽ മീഡിയയിലടക്കം വലിയ തോതിൽ പ്രചരിക്കുന്നുണ്ട്.
ഒരു ദിവസത്തെ സന്ദർശനത്തിനായെത്തിയ പ്രധാനമന്ത്രി രാത്രിയോടെ യുക്രൈൻ തലസ്ഥാനമായ കീവിൽ നിന്നും ഇന്ത്യയിലേക്ക് തിരിച്ചെത്തും. പോളണ്ട് സന്ദർശനം പൂർത്തിയാക്കിയാണ് മോദി ട്രെയിൻ മാർഗ്ഗം യുക്രൈനിലെത്തിയത്. നയതന്ത്ര ബന്ധം ആരംഭിച്ച് 30 -ാം വർഷത്തിലാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി യുക്രൈനിലെത്തിയത്. റഷ്യ - യുക്രൈൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ മോദിയുടെ യുക്രൈൻ സന്ദർശനത്തിന് രാഷ്ട്രീയ പ്രസക്തി ഏറെയുണ്ട്. ഈ സന്ദർശനം ഇരു രാജ്യങ്ങളുമായുള്ള വിപുലമായ ബന്ധങ്ങളുടെ സ്വാഭാവിക തുടർച്ചയായി വർത്തിക്കുമെന്നും വരും വർഷങ്ങളിൽ കൂടുതൽ ശക്തവും ഊർജസ്വലവുമായ ബന്ധത്തിന് അടിത്തറയുണ്ടാക്കാൻ സഹായിക്കുമെന്ന് ഉറപ്പുണ്ടെന്നും മോദി നേരത്തെ പറഞ്ഞിരുന്നു.