സിപിഎമ്മിനെ അനുകൂലിച്ചാൽ നല്ല പാർട്ടി; എതിർത്താൽ മോശം പാർട്ടി: ഇതാണ് അവരുടെ നിലപാടെന്ന് പിഎംഎ സലാം
എസ്ഡിപിഐ, വെൽഫെയർ പാർട്ടി എന്നിവരെ മുന്നിൽ നിർത്തി സിപിഎം തെരഞ്ഞെടുപ്പിലെ പരാജയം മറച്ചുവെക്കാൻ ശ്രമിക്കുകയാണെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. ജമാ അത്തെ ഇസ്ലാമി ഹിറാ സെന്‍ററിൽ ഏത് സി പി എം നേതാവാണ് പോവാത്തത്. സിപിഎമ്മിനെ അനുകൂലിച്ചാൽ നല്ല പാർട്ടി എതിർത്താൽ മോശം പാർട്ടി ഇതാണ് അവരുടെ നിലപാട്. എസ്ഡിപിഐ ഉണ്ടാക്കിയത് ലീഗിനെ എതിർക്കാനാണ്. അതിനാൽ ലീഗിന്‍റെ നിലപാട് വ്യക്തമാണ്.
വോട്ട് വാങ്ങുന്നതും പിന്തുണയും സഖ്യവും ഉണ്ടാക്കുന്നതും വ്യത്യസ്തമാണ്. എതിർ സ്ഥാനാർഥി വോട്ട് നൽകിയാൽ പോലും സ്വീകരിക്കില്ലേ. ഒരു മണ്ഡലത്തിൽ മത്സരിക്കുമ്പോൾ ഏത് രാഷ്ട്രീയ പാർട്ടിയുടെയും ഓഫീസിൽ പോയി വോട്ട് ചോദിക്കാം. മുഴുവൻ വോട്ടർമാരോടും വോട്ട് ചോദിക്കാം. അതില്‍ തെറ്റില്ല.സമസ്തയെ കുറിച്ച് അഭിപ്രായം പറയാൻ ലീഗില്ല. അവരുടെ നിലപാട് പറയാൻ അവർ യോഗം വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു
തദ്ദേശ സ്വയംഭരണ വാർഡ് വിഭജനം നടപ്പാക്കിയത് വൃത്തികെട്ട രീതിയിലാണ്. എത്രത്തോളം ക്രമക്കേട് നടത്താൻ കഴിയും അതിനനുസരിച്ചാണ് വിഭജനം. കൃത്യമായ ക്രമക്കേട് ബോധ പൂർവ്വം നടപ്പാക്കി. ഇതിന് ഉദ്ദ്യോഗസ്ഥരെ നിർബന്ധിച്ചു. വഴങ്ങാത്ത ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി.തോൽവി ആവർത്തിക്കുമെന്ന് സർക്കാരിന് ബോധ്യമായി . ഇതാണ് ഈ രീതിയിൽ വാർഡ് വിഭജിക്കാൻ കാരണം. ഇത് ജനാധിപത്യ അട്ടിമറിയാണ് . നിയമപരമായി നേരിടും. യുഡിഎഫും ലീഗും നിയമ നടപടിക്ക് പോകുമെന്നും പിഎംഎ സലാം വ്യക്കതമാക്കി.