ആലുവയിൽ 5 വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; ശിക്ഷ ശിശുദിനമായ നവംബർ 14 ന് പ്രഖ്യാപിക്കും

  1. Home
  2. Trending

ആലുവയിൽ 5 വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; ശിക്ഷ ശിശുദിനമായ നവംബർ 14 ന് പ്രഖ്യാപിക്കും

Asfak


ആലുവ കേസിൽ പ്രതി അസ്‌ഫാക് ആലത്തിനുള്ള ശിക്ഷ ശിശുദിനമായ നവംബർ 14 ന് പ്രഖ്യാപിക്കും. പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ വിധിക്കണമെന്ന് ഇന്ന് പ്രൊസിക്യൂഷൻ ആവർത്തിച്ചു. പ്രതി കൃത്യം നടപ്പാക്കിയ രീതി അപൂർവങ്ങളിൽ അപൂർവമാണെന്നും ബലാത്സംഗത്തിന് ശേഷം മാലിന്യക്കൂമ്പാരത്തിലെ ദുർഗന്ധം പോലും ശ്വസിക്കാൻ അനുവദിക്കാതെ 5 വയസുകാരിയെ ക്രൂരമായി കൊലപെടുത്തിയെന്നും പ്രൊസിക്യൂഷൻ ചൂണ്ടിക്കാട്ടി.

മാലിന്യം വലിച്ചെറിയുന്ന ലാഘവത്തോടെ കുട്ടിയെ മറവ് ചെയ്യുകയായിരുന്നു പ്രതി. ഈ കുട്ടി ജനിച്ച വർഷം മറ്റൊരു കുട്ടിയെ ദില്ലിയിൽ വച്ച് പീഡിപ്പിച്ച പ്രതി വധശിക്ഷയിൽ കുറഞ്ഞ ഒരു ശിക്ഷയും അർഹിക്കുന്നില്ലെന്നും പ്രോസീക്യൂഷൻ വാദിച്ചു. താൻ കുറ്റം ചെയ്തിട്ടില്ലെന്ന് പ്രതി കോടതിയിൽ ആവർത്തിച്ചു. പ്രതിക്കെതിരെ തെളിഞ്ഞ 16 കുറ്റകൃത്യങ്ങളിൽ പൊതുസ്വഭാവം ഉള്ള മൂന്ന് വകുപ്പുകളിൽ ശിക്ഷ ഉണ്ടാകില്ല. സമാനമായ വകുപ്പുകൾക്ക് ഉയർന്ന ശിക്ഷ ഉള്ളതിനാൽ 13 വകുപ്പുകളിൽ ആണ്‌ ശിക്ഷ വിധിക്കുക.

ഇന്ന് പ്രതിയുടെ മാനസിക നില പരിശോധിച്ച് സർക്കാർ നൽകിയ റിപ്പോർട്ട്‌ അംഗീകരിക്കരുതെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. കേസിൽ സ്വതന്ത്ര ഏജൻസി പ്രതിയുടെ മാനസിക നില  പരിശോധിക്കണമെന്നും പ്രതിയുടെ പ്രായം മനസാന്തരപ്പെടാനുള്ള സാധ്യതയായി കാണണമെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. 27 വയസാണ് അസ്‌ഫാക് ആലത്തിന്റെ പ്രായം. 

ഉച്ചയ്ക്ക് ശേഷം വാദം പുനരാരംഭിച്ചപ്പോഴും പ്രൊസിക്യൂഷൻ പ്രതിക്കെതിരെ ശക്തമായ നിലപാടെടുത്തു. കുട്ടികൾക്ക് കുട്ടികളായി വളരാനുള്ള സാഹചര്യമാണ്‌ ഈ കുറ്റകൃത്യം ഇല്ലാതാക്കിയത്. ഓരോ അമ്മമാരും ഈ സംഭവത്തിന് ശേഷം ഭീതിയിലാണ്. കുട്ടികൾ വീടിന് പുറത്ത് ഇറങ്ങി മറ്റുള്ളവരോട് ഇടപെട്ട് ജീവിക്കാൻ ഉള്ള സാഹചര്യം ഈ കൃത്യത്തിലൂടെ പ്രതി ഇല്ലാതാക്കി. വീട്ടിൽ അടച്ചിട്ടു വളരുന്ന ഒരു കുട്ടിയുടെ സാമൂഹിക പ്രതിബദ്ധത എന്താകും? മഞ്ചേരിയിൽ മകളെ പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതിയെ അച്ഛൻ വെടിവെച്ചു കൊന്നത് പ്രതിക്ക് കൃത്യമായി ശിക്ഷ ലഭിക്കാതിരുന്നത് കൊണ്ടാണ്. കുറ്റകൃത്യത്തിന് പരമാവധി ശിക്ഷ നൽകാതിരുന്നാൽ സമൂഹത്തിന് അത് തെറ്റായ സന്ദേശം നൽകുമെന്നും പ്രോസിക്യൂഷൻ വാദിച്ചു.