വീഴ്ച സംഭവിച്ചിട്ടില്ല; മികച്ച രീതിയിലാണ് പോലീസ് ശബരിമലയിൽ പ്രവർത്തിക്കുന്നത്: ജില്ലാ പോലീസ് മേധാവി
പോലീസ് മികച്ച രീതിയിൽ ആണ് ശബരിമലയിൽ പ്രവർത്തിക്കുന്നത് എന്നും ഭക്തജനങ്ങൾക്ക് എല്ലാ സഹായങ്ങളും നൽകാൻ പരമാവധി ശ്രമിക്കുന്നുണ്ട് എന്നും പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വിനോദ് കുമാർ പറഞ്ഞു. ശബരിമല ദർശനത്തിന് തുലാമാസ പൂജകൾക്കായി നട തുറന്നതുമുതൽ വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്.
തുലാമാസ പൂജകൾക്കായി നട തുറന്ന പതിനാറാം തീയതി 11,965 പേരാണ് വിർച്വൽ ക്യൂവിലൂടെ ബുക്ക് ചെയ്തത്. അതിനുശേഷം ഇതുവരെയും ഓരോ ദിവസവും ശബരിമലയിൽ എത്തുന്നവരുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ശബരിമലയിൽ ഉദയാസ്തമന പൂജക്കും പടി പൂജക്കും ആയി മാസപൂജയുടെ സമയങ്ങളിൽ രണ്ടേകാൽ മണിക്കൂറോളം സമയം എടുക്കുന്നതുകൊണ്ടാണ് ക്യൂവിൽ നിൽക്കുന്ന ഭക്തർക്ക് ദർശനം നടത്താൻ ചെറിയ കാലതാമസം അനുഭവപ്പെടുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കി.
തുലാമാസ പൂജയ്ക്കായി കഴിഞ്ഞവർഷം എത്തിയ ഭക്തരെക്കാൾ കൂടുതൽ ഭക്തർ ഇത്തവണ എത്തുന്നുണ്ട്. തുലാമാസ പൂജകൾക്കായി നട തുറന്ന് ഇതിനോടകം തന്നെ ശബരിമലയിൽ എത്തിയവരുടെ എണ്ണം ലക്ഷം കവിഞ്ഞിട്ടുണ്ട്. ക്യൂവിൽ നിൽക്കുന്ന ഭക്തർക്ക് എല്ലാം വെള്ളവും ബിസ്ക്കറ്റും നൽകുന്നതിൽ യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ല എന്നും പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായി എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും പോലീസുകാരുടെ എണ്ണം കൂട്ടേണ്ട സാഹചര്യം ഉണ്ടായപ്പോൾ ഫലപ്രദമായി അതും നടത്തിയിട്ടുണ്ട് എന്നും എസ് പി വിനോദ് കുമാർ പറഞ്ഞു.