വ്യാജ മോഷണ പരാതിയില്‍ ദളിത് യുവതിയെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ വിട്ടുടമയ്ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും എതിരെ കേസ്

തിരുവനന്തപുരം പേരൂർക്കടയിൽ ദളിത് യുവതിക്ക് എതിരെ വ്യാജ മോഷണക്കേസിന്റെ പേരില്‍ അപമാനിച്ച സംഭവത്തില്‍ കേസെടുത്ത് പോലീസ്. നെടുമങ്ങാട് സ്വദേശി ബിന്ദുവിന്റെ പരാതിയില്‍ വ്യാജ പരാതി നല്‍കിയ വീട്ടുടമ ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെയാണ് കേസ്. ബിന്ദു ജോലി ചെയ്തിരുന്ന വീട്ടിലെ ഓമന ഡാനിയേല്‍, മകള്‍ നിഷ, യുവതിയെ കസ്റ്റഡിയില്‍ എടുത്ത എസ് ഐ പ്രസാദ്, എഎസ്‌ഐ പ്രസന്നന്‍ എന്നിവരെ പ്രതിയാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
വ്യാജ മോഷണ പരാതിയുടെ അടിസ്ഥാനത്തില്‍ ബിന്ദുവിനെ യുവതിയെ 20 മണിക്കൂറോളം പോലീസ് സ്റ്റേഷനില്‍ തടഞ്ഞുവച്ചെന്നും മാനസികമായി പീഡിപ്പിച്ചു എന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് നടപടി. യുവതി ജോലിക്കുനിന്ന വീട്ടില്‍നിന്നു മാല മോഷണംപോയെന്ന പരാതിയിലാണ് ബിന്ദുവിനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തിയത്. മേയ് 13-ാം തീയതി വൈകുന്നേരം മൂന്നുമണിക്ക് പേരൂര്‍ക്കട പോലീസ് ചോദ്യംചെയ്യാനായി വിളിപ്പിച്ച ബിന്ദുവിനെ വിട്ടയച്ചത് 14-ാം തീയതി ഉച്ചയ്ക്ക് 12 മണിക്കാണെന്നും പരാതിയില്‍ ആരോപിക്കുന്നു.