മരുമകന്‍ 108 കോടിയും 1,000 പവനും തട്ടി; വ്യവസായിയുടെ പരാതിയില്‍ അന്വേഷണം

  1. Home
  2. Trending

മരുമകന്‍ 108 കോടിയും 1,000 പവനും തട്ടി; വ്യവസായിയുടെ പരാതിയില്‍ അന്വേഷണം

police



ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് പ്രവാസി വ്യവസായിയില്‍നിന്നും മരുമകന്‍ 108 കോടിയിലധികം രൂപയും 1,000 പവനും തട്ടിയെടുത്ത കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ആലുവ ബൈപാസ് തൈനോത്ത് റോഡില്‍ അബ്ദുള്‍ ലാഹിര്‍ ഹസന്‍ എന്ന വിദ്യാഭ്യാസ സംരംഭകനില്‍നിന്നു കാസര്‍ഗോഡ് സ്വദേശിയായ മരുമകന്‍ മുഹമ്മദ് ഹാഫിസ് പലപ്പോഴായി പണം തട്ടിയെടുത്തെന്നാണ് പരാതി.

മുന്‍ ഡിഐജി മുഹമ്മദ് ഹസന്റെ മകനാണ് വ്യവസായിയായ അബ്ദുള്‍ ലാഹിര്‍ ഹസന്‍. ദുബായിയിലെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമയുമാണ്. ആലുവ ഡിവൈഎസ്പിക്ക് പരാതി നല്‍കിയിട്ടും ഫലം ഉണ്ടാകാത്തതിനാല്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയത്.

അഞ്ചുവര്‍ഷം മുമ്പാണ് അബ്ദുള്‍ ലാഹിര്‍ ഹസന്‍ മകളെ ഇയാള്‍ക്ക് വിവാഹം ചെയ്തു നല്‍കിയത്. വിവാഹ സമയം നല്‍കിയത് 1,000 പവനും റേഞ്ച് റോവറുമായിരുന്നു. വിവാഹത്തിനു നല്‍കിയ ആഭരണങ്ങള്‍ വിറ്റു. കമ്പനിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് നടന്നുവെന്നും പിഴയടയ്ക്കാന്‍ 3.9 കോടി വേണമെന്നു പറഞ്ഞായിരുന്നു ആദ്യം പണം വാങ്ങിയത്.

തട്ടിപ്പ് തിരിച്ചറിഞ്ഞതോടെ ലാഹിര്‍ ഹസന്‍ നടത്തിയ അന്വഷണത്തില്‍ മുഹമ്മദ് ഹാഫിസിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റും ഇയാള്‍ അയച്ചു നല്‍കിയിരുന്ന രേഖകളുമെല്ലാം വ്യാജമാണെന്ന് കണ്ടെത്തി. ബംഗളൂരുവില്‍ ബ്രിഗേഡ് റോഡില്‍ കെട്ടിടം വാങ്ങാന്‍ പണം വാങ്ങിയെങ്കിലും നല്‍കിയത് വ്യാജരേഖകളായിരുന്നു. മറ്റുള്ളവരുടെയെല്ലാം പേരില്‍ മൊബെല്‍ ചാറ്റുകളും കോളുകളും നടത്തിയിരുന്നത് ഇയാള്‍ തന്നെയാണെന്ന് തെളിഞ്ഞതായി ഹസന്‍ പറയുന്നു.