രാഹുൽ ഈശ്വറിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയിൽ ഇന്ന് പൊലീസ് കേസെടുക്കും

  1. Home
  2. Trending

രാഹുൽ ഈശ്വറിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയിൽ ഇന്ന് പൊലീസ് കേസെടുക്കും

RAHUL



സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയതിന് രാഹുൽ ഈശ്വറിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയിൽ ഇന്ന് കേസെടുത്തേക്കും. എറണാകുളം സെൻട്രൽ പൊലീസിനാണ് നടി പരാതി നൽകിയത്.  സൈബർ ഇടങ്ങളിൽ  തനിക്കെതിരെ രാഹുൽ ഈശ്വർ സംഘടിത ആക്രമണം നടത്തുന്നുവെന്നാണ് ആരോപണം. രാഹുലുമായി ബന്ധപ്പെട്ട് ഫേസ് ബുക് പോസ്റ്റുകളുടെയടക്കം പകർപ്പുകളും പരാതിയുടെ ഭാഗമാക്കിയിട്ടുണ്ട്. 


അതിനിടെ, ബോബി ചെമ്മണ്ണൂര്‍ നടത്തിയ എല്ലാ അശ്ലീല പരാമര്‍ശങ്ങളും ശേഖരിക്കുമെന്നും ജാമ്യത്തെ എതിര്‍ത്ത് കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു. സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ടശേഷമാണ് നടി ഹണി റോസ് രാഹുൽ ഈശ്വറിനെതിരെ പൊലീസിൽ പരാതി നൽകിയത്. താൻ ബോബി ചെമ്മണ്ണൂരിനെതിരെ നൽകിയ പരാതിയുടെ ഗൗരവം ചോര്‍ത്തിക്കളയാനും ജനങ്ങളുടെ പൊതുബോധം തനിക്കെതിരെ തിരിക്കാനുമാണ് രാഹുൽ ഈശ്വറിന്‍റെ ശ്രമമെന്ന് ഹണി റോസ് പരാതിയിൽ ആരോപിക്കുന്നു.

സൈബര്‍ ഇടത്തിലൂടെ സംഘടിതമായ ആക്രമണം ആണ് രാഹുൽ ഈശ്വര്‍ ആസൂത്രണം ചെയ്യുന്നതെന്നും ഹണി റോസ് പറയുന്നു. വസ്ത്ര സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്നുവെന്നും വ്യക്തമാക്കിയാണ് രാഹുല്‍ ഈശ്വറിനെതിരെ നിയമ നടപടിയുമായി ഹണി റോസ് മുന്നോട്ട് പോകുന്നത്. തന്റെ തൊഴിലിന് നേരെ വരുന്ന ഭീഷണികൾ, തൊഴിൽ നിഷേധം, ഭീഷണി, അശ്ലീല സന്ദേശങ്ങൾ, ദ്വയാർത്ഥ പ്രയോഗം ഇതിനൊക്കെ കാരണം രാഹുൽ ഈശ്വറാണെന്ന് കടുത്ത വിമർശനവും ഹണി ഉന്നയിക്കുന്നു. രാഹുലിനെതിരെ ഹണിയുടെ രണ്ടാമത്തെ പോസ്റ്റാണിത്.

അതിനിടെ റിമാൻഡിൽ കഴിയുന്ന ബോബി ചെമ്മണ്ണൂരിനെ ഏത് വിധേനയും പൂട്ടാനുള്ള നീക്കത്തിലാണ് പൊലീസ്. ബോബി നേരത്തെ നടത്തിയ അശ്ലീല ദ്വയാർത്ഥ പ്രയോഗങ്ങളുടെ എല്ലാം വീഡിയോകളും ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. എല്ലാം ബോബി ചെമ്മാണ്ണൂരിന്റെ ജാമ്യത്തെ എതിർത്ത് കോടതിയിൽ ഹാജരാക്കും. ചൊവ്വാഴ്ചയാണ് ബോബിയുടെ ജാമ്യം ഹൈക്കോടതി പരിഗണിക്കുക.