ആലുവയിലെ അഞ്ചു വയസ്സുകാരിയുടെ കുടുംബത്തിന്റെ പണം തട്ടിയ സംഭവം; മുനീറിനെതിരെ കേസ്

  1. Home
  2. Trending

ആലുവയിലെ അഞ്ചു വയസ്സുകാരിയുടെ കുടുംബത്തിന്റെ പണം തട്ടിയ സംഭവം; മുനീറിനെതിരെ കേസ്

Police


കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരിയുടെ കുടുംബത്തെ സാമ്പത്തികമായി തട്ടിച്ച സംഭവത്തിൽ കേസ് എടുത്തു. പണം തട്ടിയ മുനീറിനെതിരെയാണ്‌ കേസ്. ഐപിസി 406, ഐപിസി 420 വിശ്വാസ ലംഘനം, വഞ്ചന വകുപ്പുകൾ പ്രകാരമാണ്‌ കേസ് എടുത്തത്. കുട്ടിയുടെ അച്ഛൻ പരാതി ഇല്ലെന്ന് പറഞ്ഞെങ്കിലും പൊലീസ് ഇന്നലെ തന്നെ വീട്ടിലെത്തി മൊഴി എടുത്തിരുന്നു. എറണാകുളം മഹിളാ കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി ആയ മുനീറിന്റെ ഭാര്യ ഹസീനയെ ഇന്നലെ സസ്‌പെൻഡ് ചെയ്തിരുന്നു. 

മഹിളാ കോൺഗ്രസ് നേതാവിന്‍റെ ഭർത്താവ് മുനീറാണ് ആലുവയിൽ കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തെ കബളിപ്പിച്ച് പണം തട്ടിയെടുത്ത്. വാർത്ത പുറത്ത് വന്നതോടെ തട്ടിയെടുത്ത പണം തിരിച്ച് നൽകി മുനീർ  തടിയൂരി. ക്രൂരമായ കൊലപാതകത്തിന്‍റെ ഞട്ടലിലൂടെ കടന്നുപോയ കുടുംബത്തിനോടായിരുന്നു മുനീറിന്‍റെ കണ്ണിൽചോരയില്ലാത്ത തട്ടിപ്പ്. ഹിന്ദി അറിയാവുന്ന ആളെന്ന നിലിൽ തന്നോടൊപ്പം കൂടി മുനീ‍ർ 1,20,000 രൂപ അക്കൗണ്ടിൽ നിന്ന്  തട്ടിയെന്നായിരുന്നു അച്ഛൻ മാധ്യമങ്ങളെ അറിയിച്ചത്. ഓഗസ്റ്റ് അഞ്ച് മുതൽ പത്ത് വരെ ദിവസവും ഇരുപതിനായിരം രൂപ വീതമായിരുന്നു  മുനീർ വാങ്ങിയത്. 

സംഭവം കബളിപ്പിക്കലാണെന്ന് മനസിലായതോടെ അൻവർ സാദത്ത് അടക്കമുള്ള നേതാക്കളെ സമീപിച്ചിരുന്നതായും നടപടിയൊന്നും ഉണ്ടായില്ലെന്നും കുടുംബം ആരോപിക്കുന്നു. തട്ടിപ്പ് മാധ്യമങ്ങളിലൂടെ പുറത്ത് വന്നതോടെ മുനീർ കുട്ടിയുടെ അച്ഛനെ ഫോൺ വിളിച്ച് വാർത്ത കളവാണെന്ന് പറയണമെന്ന് ആവശ്യപ്പെട്ടു. ഈ ആവശ്യം അച്ഛൻ തള്ളി. ഇതുൾപ്പെടെ മാധ്യമങ്ങൾ തുറന്നു കാട്ടിയതോടെ ഒരു സുഹൃത്തിന്റെ കയ്യിൽ തിരിച്ച് നൽകാനുള്ള മുഴുവൻ പണവും കൊടുത്തുവിട്ടു. വിഷയം തന്‍റെ ശ്രദ്ധയിൽപെട്ടിരുന്നതായും തന്നെയാണ് മുനീർ ആദ്യം പറ്റിച്ചതെന്നുമാണ് അൻവർ സാദത്ത് എംഎൽഎയുടെ പ്രതികരണം. സംഭവം നാണക്കേടായതോടെ മഹിള കോൺഗ്രസ് ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഹസീന മുനീറിനെ സസ്പെന്‍റ് ചെയ്തതായി ജില്ലാ നേതൃത്വം അറിയിച്ചു.