ബലാത്സംഗകേസ് ഒത്തുതീര്‍ക്കാന്‍ വിസമ്മതിച്ചു, അതിജീവിതയുടെ ഭര്‍ത്താവിനെ കള്ളക്കേസില്‍ കുടുക്കാന്‍ പൊലീസ് ശ്രമിച്ചെന്ന് പരാതി

  1. Home
  2. Trending

ബലാത്സംഗകേസ് ഒത്തുതീര്‍ക്കാന്‍ വിസമ്മതിച്ചു, അതിജീവിതയുടെ ഭര്‍ത്താവിനെ കള്ളക്കേസില്‍ കുടുക്കാന്‍ പൊലീസ് ശ്രമിച്ചെന്ന് പരാതി

police


ബലാത്സംഗ കേസ് ഒത്തുതീര്‍ക്കാന്‍ വിസമ്മതിച്ചതിന് അതിജീവിതയുടെ ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തെന്ന് ആരോപണം. കേസ് അവസാനിപ്പിച്ചില്ലെങ്കില്‍ കള്ളക്കേസില്‍ കുടുക്കുമെന്ന് ആലുവ ചെങ്ങമനാട് പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് പരാതി. ഇരയായ യുവതി ആലുവ റൂറല്‍ എസ്പി ഓഫീസില്‍ പ്രതിഷേധവുമായി എത്തിയതോടെ ഭര്‍ത്താവിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

കഴിഞ്ഞ 19-ാം തിയതിയാണ് സംഭവത്തിന്റെ തുടക്കം. ചെങ്ങമനാട് വാടകക്ക് താമസിക്കുന്ന യുവതിയെ അയല്‍വാസിയായ യുവാവ് വീട്ടിലെത്തി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു. കുതറിയോടിയ യുവതി ബഹളം വെച്ചതോടെ ആളുകള്‍ കൂടി. ഇവര്‍ വിളിച്ചറിയിച്ചതനുസരിച്ച് പൊലീസും സ്ഥലത്തെത്തി. പിന്നാലെ ഫുഡ് ഡെലിവറി ജീവനക്കാരനായ, യുവതിയുടെ ഭര്‍ത്താവും വീട്ടിലെത്തി.

പ്രതിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. മൊഴി രേഖപ്പെടുത്താനെന്ന പേരില്‍ അതിജീവിതയുടെ ഭര്‍ത്താവിനേയും ചെങ്ങമനാട് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി. പിന്നീട് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.ബലാത്സംഗ കേസ് പിന്‍വലിച്ചില്ലെങ്കില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് ഇരയുടെ ഭര്‍ത്താവ് പറയുന്നു. ഇരയായ യുവതി ആലുവ റൂറല്‍ എസ് പി ഓഫീസിലെത്തി കുത്തിയിരുന്നതോടെ ഭര്‍ത്താവിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. പൊലീസ് ഉള്ള സമയത്ത് എങ്ങിനെയാണ് താന്‍ പ്രതിയുടെ ബന്ധുക്കളെ അക്രമിക്കുക എന്നാണ് യുവാവിന്റെ ചോദ്യം. പൊലീസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുകയാണ് ഈ കുടുംബം.