ആശ വർക്കർമാരുടെ സമരത്തിന് പിന്നിൽ രാഷ്ട്രീയ അജണ്ട'; വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി

  1. Home
  2. Trending

ആശ വർക്കർമാരുടെ സമരത്തിന് പിന്നിൽ രാഷ്ട്രീയ അജണ്ട'; വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി

v sivankutty


ആശ വർക്കർമാരുടെ സമരത്തിനെതിരെ അതിരൂക്ഷ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി. സമരത്തിന് പിന്നിൽ രഹസ്യ രാഷ്ട്രീയ അജണ്ടയെന്ന് മന്ത്രി വിമർശിച്ചു. സമരം ന്യായമാകണമെന്നും വസ്തുതകൾ മറച്ചുവെച്ച് സമരം ചെയ്യരുതെന്നും മന്ത്രി റിപ്പോർട്ടറിനോട് പറഞ്ഞു. ആശമാർക്ക് ഏറ്റവും കൂടുതൽ ഓണറേറിയം നൽകുന്നത് കേരളമാണ്. സിഐടിയുവിൻ്റെ വിമർശനം അനുഭവത്തിൽ നിന്നാണ്. തൊഴിൽ മന്ത്രി എന്ന നിലയിൽ തനിക്ക് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും വി ശിവൻകുട്ടി വ്യക്തമാക്കി.

2016-2024 കാലയളവില്‍ ഇട‌ത്പക്ഷ സർക്കാ‍‍ർ ആശമാരുടെ ഓണറേറിയം 1000 രൂപയില്‍ നിന്ന് 7000 രൂപയായി ഉയര്‍ത്തിയിരുന്നു. സ്ഥിരമായി ജോലി ചെയ്താൽ ആശമാർ‌‍ക്ക് ഇൻസെന്റീവ് ഉൾപ്പടെ 13,200 രൂപ ലഭിക്കും. കുറഞ്ഞ തുക മാത്രമാണ് ആശമാർക്ക് ഓണറേറിയം നൽകാനായി കേന്ദ്രം പറഞ്ഞിരിക്കുന്നത്. 

എന്നാൽ കേരളത്തിലാണ് ആശമാർക്ക് ഏറ്റവും കൂടുതല്‍ ഓണറേറിയം ലഭിക്കുന്നതെന്നും മന്ത്രി വി ശിവൻകുട്ടി റിപ്പോർട്ടറിനോട് പറഞ്ഞു. ഉത്തര്‍പ്രദേശില്‍ ആശമാർക്ക് ലഭിക്കുന്ന ഓണറേറിയം 1000 രൂപയാണെന്നും, കോൺ​ഗ്രസ് ഭരിക്കുന്ന കർണാടകയിൽ 5000 രൂപയാണ് ലഭിക്കുന്നതെന്നും ആശമാർ ഓർക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സർക്കാർ സമരത്തിന് എതിരല്ല എന്നും തൊഴിലാളികൾ സമരം ചെയ്യുന്നത് ന്യായത്തിന് വേണ്ടിയാണെങ്കിൽ ആ പ്രശ്നം സർക്കാർ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി വീണാ ജോര്‍ജ്ജ് ആശവർക്കർമാരുടെ യോഗം വിളിച്ചെങ്കിലും ചില കാരണങ്ങൾ കൊണ്ട് ചർച്ച നടന്നില്ലെന്നും വി ശിവൻകുട്ടി പറഞ്ഞു.