പോളിങ് ശതമാന പരാമർശം; ഖർഗെക്ക് മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

  1. Home
  2. Trending

പോളിങ് ശതമാന പരാമർശം; ഖർഗെക്ക് മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

mallikarjun-khargE


ലോകസഭാ തെരഞ്ഞെടുപ്പിലെ അന്തിമ പോളിങ് കണക്കുകള്‍ നല്‍കിയത് വൈകിയാണെന്നടക്കമുള്ള ആരോപണങ്ങൾക്ക് മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. പോളിങ് വിവരങ്ങൾ തത്സമയം ലഭ്യമാണ് എന്നതിനാൽ, അതിന്റെ റിലീസ് വൈകിയെന്ന കോൺഗ്രസ് ആരോപണം അസംബന്ധമാണെന്നായിരുന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് ഇസി നൽകിയ മറുപടി കത്തിൽ പറയുന്നത്. 

വോട്ടർമാരുടെ കണക്കുകൾ പുറത്തുവിട്ടതിനെക്കുറിച്ചുള്ള കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പരാമർശം ആശയക്കുഴപ്പം സൃഷ്ടിക്കാനും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിന് തടസ്സം സൃഷ്ടിക്കാനും ഉദ്ദേശിച്ചുള്ളതാണ്. തെരഞ്ഞെടുപ്പ് നടപടികളുടെ വിശ്വാസ്യതയിൽ ആശയക്കുഴപ്പം പരത്താനുള്ള പക്ഷപാതപരവും ആസൂത്രിതവുമായ ശ്രമത്തിന്റെ പ്രതിഫലനമാണ് ഈ പ്രസ്താവനകൾ എന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഖാർഗെയ്ക്ക് അയച്ച കത്തിൽ പറഞ്ഞു.

മൂന്നാംഘട്ട ലോക്സഭ തെര‍ഞ്ഞെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍  ആദ്യ രണ്ട് ഘട്ടങ്ങളിലെ പോളിങ് വിവരങ്ങള്‍ തെര‍ഞ്ഞെടുപ്പ് കമ്മീഷൻ കൃത്യമായി നല്‍കിയില്ലെന്നായിരുന്നു പ്രതിപക്ഷ ആരോപണം. ആദ്യഘട്ട തെരഞ്ഞെടുപ്പ് കഴിഞ്ഞ് 11 ദിവസത്തിന് ശേഷമാണ് അന്തിമ പോളിങ് കണക്കുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ നല്‍കിയത്. രണ്ടാംഘട്ടം കഴിഞ്ഞ് നാല് ദിവസത്തിന് ശേഷം മാത്രവും പോളിങ് കണക്കുകള്‍ നല്‍കി. ഇത് ഫലം അട്ടിമറിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമെന്നാണ് കോണ്‍ഗ്രസ് ആരോപണം.  തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വൈകി വിവരങ്ങള്‍ കൈമാറുന്നതെന്നും ഖർഗെ കുറ്റപ്പെടുത്തിയിരുന്നു