തൃശൂര്‍ എരുമപ്പെട്ടിയില്‍ ആളൊഴിഞ്ഞ പറമ്പില്‍ അര്‍ധരാത്രി പൂജ; എയര്‍ഗണ്‍, വെട്ടുകത്തി, കോടാലി, മദ്യം കണ്ടെടുത്തു

  1. Home
  2. Trending

തൃശൂര്‍ എരുമപ്പെട്ടിയില്‍ ആളൊഴിഞ്ഞ പറമ്പില്‍ അര്‍ധരാത്രി പൂജ; എയര്‍ഗണ്‍, വെട്ടുകത്തി, കോടാലി, മദ്യം കണ്ടെടുത്തു

pooja



 

തൃശൂര്‍ വരവൂരില്‍ ആളൊഴിഞ്ഞ പറമ്പില്‍ അര്‍ധരാത്രിയില്‍ നടന്ന പൂജ. മുള്ളൂര്‍ക്കര സ്വദേശിയുടെ സ്ഥലത്താണ് രാത്രി 12 മണിക്ക് പൂജ നടത്തിയത്. സ്ഥലത്തു നിന്നും എയര്‍ഗണ്‍, വെട്ടുകത്തി, കോടാലി ഉള്‍പ്പെടെ പത്തോളം ആയുധങ്ങള്‍ വെച്ചായിരുന്നു പൂജ നടത്തിയത്. മുള്ളൂര്‍ക്കര സ്വദേശി സതീശനാണ് പൂജ നടത്തിയത്.

നാട്ടുകാര്‍ ഇടപെട്ട് പൂജാരിയേയും സഹായിയേയും പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. കാടു പിടിച്ച സ്ഥലം വെട്ടി വൃത്തിയാക്കുന്നതിനു വേണ്ടിയാണ് പൂജ നടത്തിയത്. ഭൂമിയുടെ ദോഷം തീരാനുള്ള പൂജയാണ് നടത്തിയതെന്നാണ് സ്ഥലമുടമ സതീശന്‍ വിശദീകരിക്കുന്നത്.വരവൂര്‍ രാമന്‍കുളങ്ങരയിലെ പറമ്പിലാണ് പൂജ നടന്നു വന്നിരുന്നത്. ഇന്നലെ അര്‍ധരാത്രിയാണ് പൂജ നടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങളും മദ്യവും ഉപയോഗിച്ചായിരുന്നു പൂജ. ഒഴിഞ്ഞ പറമ്പില്‍ നിന്ന് തീയും പുകയും ഉയരുന്നതുകണ്ട് പരിഭ്രമിച്ചാണ് നാട്ടുകാര്‍ സ്ഥലത്തെത്തുന്നത്.

മുളകും മല്ലിയുമാണ് പൂജാദ്രവ്യങ്ങളായി ഹോമിച്ചിരുന്നത്. ബലി നല്‍കാനായി കോഴിയേയും കരുതിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഹോമകുണ്ഡത്തിന് സമീപത്ത് എയര്‍ഗണ്‍, കത്തി, വാള്‍, കോടാലി, വെട്ടരിവാള്‍, ഉള്‍പ്പെടെ പത്തിലേറെ ആയുധങ്ങളും മദ്യവും ഉണ്ടായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് എരുമപ്പെട്ട് പൊലീസ് സ്ഥലത്തെത്തി സ്ഥലമുടമയേയും സഹായിയേയും കസ്റ്റഡിയിലെടുത്തു.

ഇവര്‍ എത്തിയ കാറും ആയുധങ്ങളും കസ്റ്റഡിയിലെടുത്തിരുന്നു. സ്ഥലത്തിന്റെ ദോഷം മാറ്റുന്നതിനുള്ള പൂജയാണ് നടത്തിയതെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. കാടു വെട്ടിത്തെളിക്കാനാണ് ആയുധങ്ങള്‍ പൂജിച്ചതെന്നും, എയര്‍ഗണ്‍ താന്‍ സ്ഥിരമായി കൊണ്ടു നടക്കുന്നതാണെന്നും സതീശന്‍ പൊലീസിനോട് പറഞ്ഞു. ജ്യോത്സ്യന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം ഇയാളെ പൊലീസ് വിട്ടയച്ചു.