കർണാടക ബി.ജെ.പിയിൽ അഴിച്ചുപണിക്ക് സാധ്യത; രാജി സന്നദ്ധത അറിയിച്ച് നളിന്‍ കുമാര്‍ കട്ടീല്‍

കർണാടക തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ ബി.ജെ.പിയിൽ അഴിച്ചുപണിക്കൊരുങ്ങുന്നതായി സൂചന. കർണാടകയിൽ പാര്‍ട്ടി തോറ്റതിന്റെ ഉത്തരവാദിത്ത്വം ബി.ജെ.പി. പ്രസിഡന്റ് നളിന്‍ കുമാര്‍ കട്ടീല്‍ ഏറ്റെടുത്തതെന്നും രാജി വെക്കാൻ തയ്യാറാണെന്ന് അറിയിച്ചെന്നുമാണ് റിപ്പോർട്ട്. അദ്ദേഹം രാജി വെക്കുകയാണെങ്കിൽ കേന്ദ്രമന്ത്രി ശോഭ കരന്തലജെയെ ബി.ജെ.പി. അധ്യക്ഷയാക്കുമെന്നാണ് സൂചന. തിരഞ്ഞെടുപ്പ് ഫലം കേന്ദ്ര നേതൃത്വം വിലയിരുത്തിയ ശേഷമായിരിക്കും നടപടികൾ സ്വീകരിക്കുക.
താഴേത്തട്ടു മുതല്‍ ശുദ്ധീകരണം ആവശ്യമാണെന്ന ചര്‍ച്ചകളും ബിജെപിയിൽ നടക്കുന്നുണ്ട്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇപ്പോഴുള്ള സീറ്റുകള്‍ നിലനിര്‍ത്താനായി ശക്തരായ നേതാക്കളെ കൊണ്ടുവരണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഈ ആവശ്യം അംഗീകരിച്ചാൽ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തും പ്രതിപക്ഷ നേതൃസ്ഥാനത്തും പുതിയ ആളുകളെ നിയമിച്ചേക്കും.
കട്ടീല്‍ രാജിവെക്കേണ്ടെന്ന് തോല്‍വിയുടെ ഉത്തരവാദിത്ത്വം ഏറ്റെടുത്ത ഇപ്പോഴത്തെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചിരുന്നു. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ ബി.ജെ.പിയെ കട്ടീല്‍ നയിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ബൊമ്മെയുടെ പ്രസ്താവന അനുചിതമാണെന്ന് പല നേതാക്കളും വിലയിരുത്തുന്നുണ്ട്. വൊക്കലിഗ സമുദായംഗമായതിനാലാണ് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക്
ശോഭ കരന്തലജെയെ പരിഗണിക്കുന്നത്. അങ്ങനെയെങ്കില്‍ ലിംഗായത്ത് സമുദായത്തില്‍ നിന്നൊരാളെ നിയമസഭാ കക്ഷി നേതാവായി കൊണ്ടുവരും. മൂന്ന് വര്‍ഷത്തെ ഭരണപരിചയമുള്ള ബൊമ്മെയ്ക്കാണ് സാധ്യത കൂടുതലുള്ളത്.
ബ്രാഹ്‌മണ വിഭാഗത്തില്‍ നിന്നുള്ള എസ്. സുരേഷ് കുമാര്‍, ലിംഗായത്തില്‍ നിന്നുള്ള അരവിന്ദ് ബല്ലാഡ്, ബില്ലാവ സമുദായത്തില്‍ നിന്നുള്ള വി. സുനില്‍കുമാര്‍, പാര്‍ട്ടിയിലും കർണാടകയിലും ലിംഗായത്തിന്റെ മുഖമായിരുന്ന ബി.എസ്. യെദ്യൂരപ്പയുടെ മകന്‍ ബി.വൈ. വിജയേന്ദ്ര എന്നിവരെയും പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. കട്ടീലിന്റെ നേതൃത്വത്തോട് നേരത്തെ തന്നെ ബി.ജെ.പി.ക്കുള്ളില്‍ അതൃപ്തിയുണ്ടായിരുന്നു. നേതൃത്വം സാധാരണപ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും അപ്രാപ്യമായിരുന്നുവെന്നും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ പല പ്രസ്താവനകളും യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നിലെന്നുമായിരുന്നു വിമർശനം.