പോത്തൻകോട് സുധീഷ് വധക്കേസ്; പതിനൊന്ന് പ്രതികൾക്കും ജീവപര്യന്തം

പോത്തൻകോട് വീട് വെട്ടിപ്പൊളിച്ചുകയറി, യുവാവിനെ കൊന്ന് കാൽ വെട്ടിയെടുത്ത് പൊതുസ്ഥലത്ത് വലിച്ചെറിഞ്ഞ കേസിൽ 11 പ്രതികൾക്കും ജീവപര്യന്തം. പോത്തൻകോട് ചെമ്പകമംഗലം ലക്ഷംവീട് ഉന്നതിയിൽ സുധീഷാണ് കൊല്ലപ്പെട്ടത്. കേസിൽ മുഴുവൻ പ്രതികളും കുറ്റക്കാരാണെന്ന് നെടുമങ്ങാട് സ്പെഷ്യൽ സെഷൻസ് കോടതി ജഡ്ജി എ.ഷാജഹാൻ കഴിഞ്ഞദിവസം വിധിച്ചിരുന്നു. പ്രതികളിൽ നിന്നുള്ള പിഴ തുക സുധീഷിന്റെ അമ്മയ്ക്ക് നൽകണമെന്നും കോടതി വിധിച്ചു.
കേസിലെ ഒന്ന് മുതൽ 11 വരെയുള്ള പ്രതികളായ മങ്കാട്ടുമൂല എസ് എസ് ഭവനിൽ സുധീഷ് ഉണ്ണി, കുടവൂർ ഊരുക്കോണം ലക്ഷംവീട് കോളനിയിൽ ശ്യാംകുമാർ, ചിറയിൻകീഴ് വിളയിൽവീട്ടിൽ ഒട്ടകം രാജേഷ് എന്ന രാജേഷ്, ചിറയിൻകീഴ് ശാസ്തവട്ടം മാർത്താണ്ഡംകുഴി സുധീഷ് ഭവനിൽ നിതീഷ്, ശാസ്തവട്ടം സീനഭവനിൽ നന്ദിഷ്, കണിയാപുരം മണക്കാട്ടുവിളാകം പറമ്പിൽവീട്ടിൽ രഞ്ജിത്ത്, പിരപ്പൻകോട് തൈക്കാട് മുളങ്കുന്ന് ലക്ഷംവീട് കോളനിയിൽ ശ്രീനാഥ്, കോരാണി വൈ.എം.എ. ജംഗ്ഷൻ വിഷ്ണുഭവനിൽ സൂരജ്, കുടവൂർ കട്ടിയാട് കല്ലുവെട്ടാൻകുഴിവീട്ടിൽ അരുൺ, തോന്നയ്ക്കൽ കുഴിന്തോപ്പിൽവീട്ടിൽ ജിഷ്ണു, പ്രദീപ് എന്നിവരെയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
കൊല്ലപ്പെട്ട സുധീഷിന്റെ ഭാര്യ അശ്വതിയുടെ സഹോദരനാണ് രണ്ടാം പ്രതി ശ്യാംകുമാർ.പ്രതികൾക്കെതിരെ കൊലപാതകം, വീട്ടിലേക്ക് അതിക്രമിച്ച് കയറൽ, എസ്.സി/എസ്.ടി വകുപ്പുകൾ എന്നിവ നിലനിൽക്കുമെന്നും എന്നാൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. നെടുമങ്ങാട് മുൻ ഡിവൈ.എസ്.പി എം.കെ.സുൽഫിക്കറിന്റെയും പോത്തൻകോട് ഇൻസ്പെക്ടർ ശ്യാമിന്റെയും നേതൃത്വത്തിലാണ് കുറ്റപത്രം സമർപ്പിച്ചത്.
സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പിന്മാറിയ കേസിൽ ജില്ലാ ഗവൺമെന്റ് പ്ലീഡർ നേരിട്ട് കേസ് നടത്തുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി ജില്ലാ ഗവൺമെന്റ് പ്ളീഡർ ഡോ.ടി.ഗീനാകുമാരി ഹാജരായി. പ്രോസിക്യൂഷനും സാക്ഷികൾക്കും ഭീഷണിയുണ്ടായിരുന്നതിനാൽ പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. 84 സാക്ഷികളെയും 58 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കി.