'കന്നിയങ്കം' ജയിച്ച് പ്രിയങ്ക ഗാന്ധി; വിജയം 4,08,036 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍

  1. Home
  2. Trending

'കന്നിയങ്കം' ജയിച്ച് പ്രിയങ്ക ഗാന്ധി; വിജയം 4,08,036 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍

priyanka gandhi


ഉപതെരഞ്ഞെടുപ്പിലെ കന്നിയങ്കത്തില്‍ വിജയം കൊയ്‌ത് യുഡിഎഫിന്‍റെ പ്രിയങ്കാ ഗാന്ധി. 4,08,036 വോട്ടിന്‍റെ വന്‍ ഭൂരിപക്ഷത്തോടെയാണ് വയനാട്ടില്‍ നിന്നും പ്രിയങ്ക ലോക്‌സഭയിലെത്തുന്നത്. രാഹുല്‍ ഗാന്ധിയുടെ 3.6 ലക്ഷമെന്ന ഭൂരിപക്ഷം മറികടന്നാണ് കന്നിയങ്കത്തില്‍ തന്നെ പ്രിയങ്ക വിജയക്കൊടി പാറിച്ചത്.

2009ല്‍ മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷമാണ് വയനാട് ലോക്‌സഭാ മണ്ഡലം രൂപംകൊണ്ടത്. അന്നുമുതല്‍ യുഡിഎഫിന്‍റെ ഉറച്ചകോട്ടയാണ് മണ്ഡലം. 2009ല്‍ 1,53,439 വോട്ടിന്‍റെയും 2014ല്‍ 20,870 വോട്ടിന്‍റെയും ഭൂരിപക്ഷത്തില്‍ എംഐ ഷാനവാസാണ് വയനാട്ടില്‍ വിജയിച്ചിരുന്നത്.

2019ല്‍ 4,31,770 എന്ന ചരിത്ര ഭൂരിപക്ഷത്തില്‍ രാഹുൽ ഗാന്ധിയും വിജയിച്ചു. അന്ന് മുതല്‍ ദേശീയതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച മണ്ഡലമാണ് വയനാട്. 2024ല്‍ രാഹുല്‍ ഗാന്ധി വീണ്ടും മത്സരിച്ചപ്പോള്‍ ഭൂരിപക്ഷം 3,64,422 ആയി കുറഞ്ഞെങ്കിലും അതിനെയെല്ലാം മറികടന്നായിരുന്നു പ്രിയങ്കാ ഗാന്ധിയുടെ മുന്നേറ്റം.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആകെ പോള്‍ ചെയ്‌ത വോട്ടുകളില്‍ 59.69 ശതമാനം വോട്ടുകളായിരുന്നു യുഡിഎഫിന്‍റെ രാഹുല്‍ ഗാന്ധിക്ക് ലഭിച്ചത്. അതേസമയം രാഹുലിന്‍റെ പ്രധാന എതിരാളികളായ എല്‍ഡിഎഫിന്‍റെ ആനി രാജയ്‌ക്ക് 26.09 ശതമാനവും ബിജെപിയുടെ കെ.സുരേന്ദ്രന് 13 ശതമാനം വോട്ടുകളുമായിരുന്നു ലഭിച്ചത്. മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ നിന്നാണ് രാഹുല്‍ ഗാന്ധിക്ക് അന്ന് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിച്ചത്. 68,684 വോട്ടുകളായിരുന്നു അവിടെ നിന്നുള്ള രാഹുലിന്‍റെ ഭൂരിപക്ഷം. 1,12,310 വോട്ടുകള്‍ വണ്ടൂരില്‍ നിന്നും രാഹുല്‍ ഗാന്ധി സ്വന്തമാക്കിയപ്പോള്‍ ആനിരാജയ്‌ക്ക് ലഭിച്ചത് 43,626 വോട്ടുകളും കെ സുരേന്ദ്രന് ലഭിച്ചത് 13,608 വോട്ടുകളുമാണ്.

അതേസമയം യുഡിഎഫിന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഏറ്റവും കുറവ് വോട്ടുകള്‍ ലഭിച്ചയിടമാണ് മാനന്തവാടി. വെറും 38,721 വോട്ടുകളായിരുന്നു മാനന്തവാടിയില്‍ നിന്നും രാഹുലിന്‍റെ ഭൂരിപക്ഷം. ഇവിടെ നിന്നും രാഹുലിന്‍റെ പെട്ടിയില്‍ വീണതാകട്ടെ 79,029 വോട്ടുകളാണ്. അതേസമയം ആനിരാജയ്‌ക്ക് 40,305 വോട്ടുകളും കെ സുരേന്ദ്രന് 25,503 വോട്ടുകളും ലഭിച്ചിരുന്നു.