പെൻഷൻ പ്രായം ഉയർത്താൻ നീക്കം; ഫ്രാൻസിൽ പ്രക്ഷോഭം

  1. Home
  2. Trending

പെൻഷൻ പ്രായം ഉയർത്താൻ നീക്കം; ഫ്രാൻസിൽ പ്രക്ഷോഭം

france


പെൻഷൻ പ്രായം ഉയർത്തുന്നതിനെതിരെ ഫ്രാൻസിൽ നടക്കുന്ന പ്രക്ഷോഭത്തിൽ സംഘർഷം. പാരിസിൽ പാർലമെന്റ് മന്ദിരത്തിനു മുന്നിൽ പൊലീസും സമരക്കാരും ഏറ്റുമുട്ടി. തുടർച്ചയായ രണ്ടാംദിവസമാണ് പ്രക്ഷോഭം സംഘർഷത്തിലേക്കു നീങ്ങിയത്. നിലവിലുള്ള പെൻഷൻ പ്രായമായ 62 വയസ്സ് എന്നത് 64 ആയാണ് ഉയർത്തുന്നത്. ഫുൾ പെൻഷൻ ലഭിക്കണമെങ്കിൽ 2 വർഷം കൂടി ജോലി ചെയ്യണമെന്ന നിബന്ധനയാണ് പ്രതിഷേധത്തിനു കാരണം. 

പാർലമെന്റിന്റെ അനുമതിയില്ലാതെ തീരുമാനമെടുത്തെന്നാരോപിച്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയ്ക്ക് എതിരെ അവിശ്വാസപ്രമേയത്തിന് പ്രതിപക്ഷം നോട്ടിസ് നൽകി. മക്രോ രാജിവയ്ക്കണമെന്ന് സമരം ചെയ്യുന്ന സംഘടനകൾ ആവശ്യപ്പെട്ടു. രാജ്യത്തെ മറ്റു നഗരങ്ങളിലും പ്രക്ഷോഭം നടക്കുകയാണ്. കൂടുതൽ സംഘടനകൾ സമരം പ്രഖ്യാപിച്ചു. 310 പേരെ ഇതുവരെ അറസ്റ്റ് ചെയ്തു. ശുചീകരണ തൊഴിലാളികൾ പണിമുടക്കിയതിനെ തുടർന്ന് പാരിസിൽ മാലിന്യം കുന്നുകൂടുകയാണ്. 

അതേസമയം, മക്രോയ്ക്ക് എതിരായി നാളെ പരിഗണിക്കുന്ന അവിശ്വാസപ്രമേയം പാർലമെന്റിൽ പാസാകാൻ സാധ്യത കുറവാണ്. 

രാജ്യത്തെ സമ്പദ്​രംഗം കൂടുതൽ മത്സരാധിഷ്ഠിതമാക്കാൻ പെൻഷൻ പ്രായം ഉയർത്തുന്നതുപോലുള്ള തീരുമാനങ്ങൾ വേണമെന്ന് മക്രോ പറയുന്നു. കുറഞ്ഞ ജനനനിരക്കും ഉയർന്ന ആയുർദൈർഘ്യവും ആണ് രാജ്യത്തുള്ളത്.