‘ഗോ ബാക്ക്’ വിളികൾ; മാനന്തവാടിയിൽ മൃതദേഹവുമായി പ്രതിഷേധം: എസ്‍പിയുടെ വാഹനം തടഞ്ഞു; മാനന്തവാടി നഗരസഭയിലെ 4 ഡിവിഷനുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു
കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടതിന് പിന്നാലെ വൻ പ്രതിഷേധം. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജിയുടെ മൃതദേഹവും ചുമന്നു നാട്ടുകാർ നിരത്തിലിറങ്ങി. മൂവായിരത്തോളം പേരാണ് മാനന്തവാടി ഗാന്ധിജങ്ഷനിൽ പ്രതിഷേധിക്കുന്നത്. ഗാന്ധിപാർക്കിൽ മൃതദേഹം വച്ചു പ്രതിഷേധിക്കാനാണ് നാട്ടുകാരുടെ തീരുമാനം. നഗരം സ്തംഭിച്ച അവസ്ഥയിലാണ്. സംഭവം നടന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും കലക്ടറോ ഡിഎഫ്ഒയോ എത്താത്തതിൽ പ്രതിഷേധിച്ചാണു മാനന്തവാടി മെഡിക്കൽ കോളജിൽനിന്ന് മൃദേഹവുമായി നാട്ടുകാർ നിരത്തിലിറങ്ങിയത്.
മെഡിക്കൽ കോളജിലേക്ക് എത്തിയ വയനാട് എസ്‍പി ടി.നാരായണന്റെ വാഹനം തടഞ്ഞ നാട്ടുകാർ ഗോ ബാക്ക് വിളികൾ ഉയർത്തി. എസ്‍പിയോടു വാഹനത്തിൽനിന്ന് ഇറങ്ങി നടന്ന് പോകാൻ നാട്ടുകാർ പറഞ്ഞു. നാട്ടുകാരുടെ പ്രതിഷേധം കനത്തതോടെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് വാഹനത്തിൽനിന്നിറങ്ങി എസ്പി നടന്നുപോകുകയാണ് ചെയ്തത്.
ഇന്നു രാവിലെയാണു കാട്ടാനയുടെ ആക്രമണത്തിൽ ട്രാക്ടർ ഡ്രൈവറായ പനച്ചിയിൽ അജി (42) കൊല്ലപ്പെട്ടത്. മതിൽ പൊളിച്ചെത്തിയ ആന അജിയെ ആക്രമിക്കുകയായിരുന്നു. രാവിലെ 7.30 ഓടെ മാനന്തവാടി ചാലിഗദ്ധയിലാണു കാട്ടാന എത്തിയത്. കര്‍ണാടക റേഡിയോ കോളര്‍ ഘടിപ്പിച്ചു കാടുകയറ്റിയ ആനയാണു ജനവാസമേഖലയിലേക്കെത്തിയത്.
കാട്ടാന ജനവാസമേഖലയില്‍ തന്നെ തുടരുന്നതിനാല്‍ മാനന്തവാടി നഗരസഭയിലെ 4 ഡിവിഷനുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുറുവ, കുറുക്കന്മൂല, പയ്യമ്പള്ളി, കാടന്‍കൊല്ലി ഡിവിഷനുകളിലാണു ജില്ലാ ഭരണകൂടം 144 പ്രഖ്യാപിച്ചത്. നേരത്തെ തണ്ണീര്‍ക്കൊമ്പന്‍ നഗരത്തിലിറങ്ങിയപ്പോഴും മാനന്തവാടിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.