റോഡിൽ സത്യഗ്രഹം നടത്തിയ സംഭവം; ഷാജിമോനെതിരെ പോലീസ് കേസെടുത്തു, ഗതാഗത തടസ്സമുണ്ടാക്കിയെന്ന് എഫ്‌ഐആർ

  1. Home
  2. Trending

റോഡിൽ സത്യഗ്രഹം നടത്തിയ സംഭവം; ഷാജിമോനെതിരെ പോലീസ് കേസെടുത്തു, ഗതാഗത തടസ്സമുണ്ടാക്കിയെന്ന് എഫ്‌ഐആർ

Police


കെട്ടിടനമ്പർ അനുവദിക്കുന്നില്ലെന്ന പരാതിയുമായി കോട്ടയം മാഞ്ഞൂരിൽ പഞ്ചായത്ത് പടിക്കൽ ധർണ നടത്തിയ പ്രവാസി വ്യവസായി ഷാജിമോൻ ജോർജിനെതിരെ പൊലീസ് കേസെടുത്തു. പഞ്ചായത്ത് വളപ്പിൽ അതിക്രമിച്ചു കയറി സമരം ചെയ്തതിനാണ് കേസ്. പൊതുജനങ്ങൾക്കു സഞ്ചാരതടസവും ഗതാഗതതടസവും സൃഷ്ടിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് എഫ്‌ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്. 

ഷാജിമോൻ യുകെയിലേക്കു മടങ്ങിയതിനു പിന്നാലെ ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നോട്ടിസ് നൽകി. സമരം നടത്തിയ ഏഴാം തീയതി തന്നെ ഷാജിമോനെതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ വെള്ളിയാഴ്ചയാണ് സ്റ്റേഷനിൽ ഹാജരാകണമെന്ന് വാട്‌സാപ്പ് സന്ദേശം എത്തിയത്. വിദേശത്തായതിനാൽ ഹാജരാകാൻ സാധിക്കില്ലെന്നും നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും ഷാജിമോൻ അറിയിച്ചു. നിലവിലെ കേസ് സ്വാഭാവിക നടപടിക്രമം മാത്രമാണെന്നാണ് പൊലീസ് പറയുന്നത്. നവംബർ ഏഴിനായിരുന്നു കെട്ടിടനമ്പർ ലഭിക്കുന്നില്ലെന്ന് ആരോപിച്ച് ഷാജിമോൻ പഞ്ചായത്തു വളപ്പിലും മള്ളിയൂർ-മേട്ടുമ്പാറ റോഡിലും പ്രതിഷേധിച്ചത്. റോഡ് ബ്ലോക്കായതോടെ ഷാജിമോനെ ബലംപ്രയോഗിച്ച് പൊലീസ് മാറ്റുകയായിരുന്നു. അത്യാധുനിക നിലവാരത്തിൽ നിർമിച്ച സ്‌പോർട്‌സ് വില്ലേജ് കെട്ടിടത്തിനു പഞ്ചായത്ത് ബിൽഡിങ് നമ്പർ അനുവദിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു ധർണ.