പിഎസ്‌സി മെമ്പറാകാൻ കോഴ; മന്ത്രി റിയാസിനെയും പാർട്ടിയെയും കരിവാരിത്തേക്കാൻ ശ്രമം, പാർട്ടി ഒന്നും അറിഞ്ഞിട്ടില്ലെന്ന് പി. മോഹനൻ

  1. Home
  2. Trending

പിഎസ്‌സി മെമ്പറാകാൻ കോഴ; മന്ത്രി റിയാസിനെയും പാർട്ടിയെയും കരിവാരിത്തേക്കാൻ ശ്രമം, പാർട്ടി ഒന്നും അറിഞ്ഞിട്ടില്ലെന്ന് പി. മോഹനൻ

p mohanan


പി.എസ്.സി മെമ്പറാകാൻ പാർട്ടി നേതാവ് കോഴവാങ്ങിയെന്ന ആരോപണം സംബന്ധിച്ച് ഒരറിവും ഇല്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ പറഞ്ഞു.

'മാധ്യമങ്ങൾ കോലാഹലങ്ങൾ ഉണ്ടാക്കുന്നതുപോലുള്ള അറിവ് ഞങ്ങൾക്കില്ല. പാർട്ടി ജില്ലാ കമ്മിറ്റിക്ക് ഇതുസംബന്ധിച്ച് ഒരറിവും ഇല്ല. എന്തെങ്കിലും കോലാഹാലം ഉണ്ടാക്കി മന്ത്രി മുഹമ്മദ് റിയാസിനെയും പാർട്ടിയേയും സർക്കാരിനെയും കരിവാരിത്തേക്കാമെന്ന് വിചാരിക്കുന്നവരുണ്ടാകും. അതിനെ ശക്തമായി പ്രതിരോധിക്കും', സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം പി.മോഹനൻ പ്രതികരിച്ചു.

അതേസമയം, തെറ്റായ പ്രവണതകൾ ഒരു പാർട്ടി പ്രവർത്തകന്റെ ഭാഗത്തും ഉണ്ടാകാൻ പാടില്ലാത്തതാണ്. അങ്ങനെയൊന്ന് ശ്രദ്ധയിൽപ്പെട്ടാൽ എല്ലാക്കാലത്തും കർശന നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇപ്പോഴും അതാണ് നിലപാടെന്നും മോഹനൻ കൂട്ടിച്ചേർത്തു.

ആരോപണവിധേയനായ പ്രമോദ് കോട്ടൂളിക്കെതിരെ ഏതെങ്കിലുംതരത്തിൽ പാർട്ടി നടപടിയുണ്ടോ എന്ന ചോദ്യത്തിന് ഒന്നുമില്ലെന്ന് പറഞ്ഞ പി.മോഹനൻ നിങ്ങൾക്ക് ആരോപണമുണ്ടെങ്കിൽ എഴുതി തന്നോളൂ പരിശോധിക്കുമെന്നും മാധ്യമപ്രവർത്തകരോട് പറഞ്ഞു.

അതേസമയം, സിപിഎം നേതാവിനെതിരെ ഉയർന്ന പി.എസ്.സി കോഴ ആരോപണം മുഖ്യമന്ത്രിയോ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനോ നിഷേധിച്ചിട്ടില്ല. വാർത്തകൾ ചൂണ്ടിക്കാട്ടി നിയമസഭയിൽ പ്രതിപക്ഷം ആരോപണം ഉയർത്തിയപ്പോൾ, നാട്ടിൽ പലവിധ തട്ടിപ്പുകൾ നടക്കുന്നുണ്ടെന്നും അതിനെതിരെ സ്വാഭാവിക നടപടിയുണ്ടാകുമെന്നാണ് മുഖ്യമന്ത്രി മറുപടിനൽകിയത്. പരാതിയിൽ ആവശ്യമായ പരിശോധനകൾ നടത്തി നിലപാട് സ്വീകരിക്കുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞത്. അതേസമയം, കോഴവിവാദത്തിൽ പ്രമോദ് കോട്ടൂളിയിൽനിന്ന് വിശദീകരണം തേടാൻ സിപിഎം തീരുമാനിച്ചതായും സൂചനയുണ്ട്.