പി ടി സെവന്‍ കുങ്കിയാനകളുടെ നിയന്ത്രണത്തില്‍, കണ്ണുകള്‍ മൂടിക്കെട്ടി; ദൗത്യം രണ്ടാംഘട്ടത്തിലേക്ക്

  1. Home
  2. Trending

പി ടി സെവന്‍ കുങ്കിയാനകളുടെ നിയന്ത്രണത്തില്‍, കണ്ണുകള്‍ മൂടിക്കെട്ടി; ദൗത്യം രണ്ടാംഘട്ടത്തിലേക്ക്

pt sevenമയക്കു വെടിയേറ്റ പി ടി സെവന്‍ എന്ന കാട്ടുകൊമ്പനെ കൂട്ടിലേക്ക് മാറ്റാനുള്ള ദൗത്യം തുടങ്ങി. മയക്കുവെടിയേറ്റ് മയങ്ങിയ പിടി സെവന് ചുറ്റും വിക്രം, ഭരത്, സുരേന്ദ്രന്‍ എന്നി കുങ്കിയാനകള്‍ നിലയുറപ്പിച്ചിട്ടുണ്ട്. പിടി സെവന്റെ കണ്ണുകള്‍ കറുത്ത തുണി കൊണ്ട് മൂടിക്കെട്ടി. വനംവകുപ്പിന്റെ ദൗത്യസംഘം ആനയ്ക്ക് സമീപമുണ്ട്.

മുണ്ടൂരിനും ധോണിയ്ക്കുമിടയില്‍ വനപ്രദേശത്തുവെച്ചാണ് പി ടി സെവനെ കണ്ടെത്തിയത്. തുടര്‍ന്ന് രാവിലെ 7 10 നും 7.15 നുമിടയിലാണ് കാട്ടുകൊമ്പനെ വെടിവെച്ചത്. ചീഫ് ഫോറസ്റ്റ് വെറ്റിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടി വെച്ചത്. 50 മീറ്റര്‍ അകലെ നിന്നാണ് ആനയെ വെടിവെച്ചത്.

ഇടതു ചെവിക്ക് സമീപം മുന്‍കാലിന് മുകളിലായാണ് വെടിയേറ്റത്. മയങ്ങിയ കാട്ടുകൊമ്പന്റെ കാലുകള്‍ വടം ഉപയോഗിച്ച് കെട്ടി. ലോറി ഉള്‍വനത്തിലെത്തിച്ച് പിടി സെവനെ ധോണിയിലെ പ്രത്യേകം സജ്ജമാക്കിയ കൂട്ടിലേക്ക് മാറ്റും. ആനയെ ലോറിയിലേക്ക് കയറ്റുന്നതിനായി ക്രെയിന്‍, ജെസിബി തുടങ്ങിയവും കാട്ടിലേക്ക് എത്തിച്ചിട്ടുണ്ട്. യൂക്കാലിപ്റ്റസ് തടി കൊണ്ട് പിടി സെവനെ പാര്‍പ്പിക്കാനുള്ള പ്രത്യേക കൂട് ധോണിയില്‍ സജ്ജമാക്കിയിട്ടുണ്ട്.

ഏറെ നാളുകളായി പാലക്കാട് ധോണി മേഖലയെ വിറപ്പിച്ച് നാട്ടിലിറങ്ങി പ്രദേശവാസികളെ ഭീതിയാഴ്ത്തി വരികയായിരുന്നു പി ടി സെവന്‍. പ്രഭാതസവാരിക്കിറങ്ങിയെ ഒരാളെ ആന കൊല്ലുകയും ചെയ്തിരുന്നു. നാട്ടിലെ കൃഷി നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ ശക്തമായ പ്രതിഷേധത്തിലായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയും അരിമണിക്കാട്, ചേറ്റുവണ്ടി, പുളിയംപുള്ളി, കുപ്പാടം എന്നീ മേഖലകളിലെ കൃഷിയിടങ്ങളില്‍ ആനയെ കണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.