എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ പി വി അന്‍വര്‍ എംഎല്‍എയുടെ പരാതി; അന്വേഷണ റിപ്പോർട്ട് രണ്ട് ദിവസത്തിനകം മുഖ്യമന്ത്രിക്ക് കൈമാറും
എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ പി വി അന്‍വര്‍ എംഎല്‍എയുടെ പരാതികളില്‍ നടക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനുള്ളില്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറും. റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള സമയപരിധി ഒക്ടോബര്‍ മൂന്നിന് അവസാനിക്കാനിരിക്കെയാണ് ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നത്. തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് തുടരന്വേഷണ ഉത്തരവും ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം.
ക്രമസമാധാനച്ചുമതലയുള്ള എഡിജിപി സ്ഥാനത്ത് എം ആര്‍ അജിത് കുമാര്‍ തുടരണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രി നേരിട്ടാണ്. എന്നാല്‍ അതിനെ സ്വാധീനിക്കാന്‍ ശേഷിയുള്ള അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത് ഡിജിപിയാണ്. അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. ഇത് അന്തിമ റിപ്പോര്‍ട്ട് ആക്കുന്ന നടപടികളിലാണ് ഡിജിപി. മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് എത്തുന്നതോടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് തീരുമാനം. എഡിജിപി അജിത് കുമാറിനെതിരെ പത്തോളം പരാതികളാണ് പി വി അന്‍വര്‍ എംഎല്‍എ ഇതുവരെ സമര്‍പ്പിച്ചത്.