വിദ്യാർഥികൾക്ക് കോഴ്സ് സ്വയം രൂപകൽപന ചെയ്യാം; 4 വർഷ ബിരുദ കോഴ്സുകൾ ഈ വർഷം മുതൽ

  1. Home
  2. Trending

വിദ്യാർഥികൾക്ക് കോഴ്സ് സ്വയം രൂപകൽപന ചെയ്യാം; 4 വർഷ ബിരുദ കോഴ്സുകൾ ഈ വർഷം മുതൽ

Bindu


നാലു വർഷ ബിരുദ കോഴ്സുകൾ ഈ അക്കാദമിക് വർഷം മുതൽ നടപ്പിലാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു. ജൂലൈ ഒന്നിനാണ് നാലുവർഷ ബിരുദ പ്രോഗ്രാമിന്റെ ക്ലാസുകൾ ആരംഭിക്കുന്നത്. മേയ് 20നു മുൻപ് അപേക്ഷ ക്ഷണിക്കും. ജൂൺ 15നകം ട്രയൽ റാങ്ക് ലിസ്റ്റും അവസാന റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിക്കും. ജൂൺ 20ന് പ്രവേശനം ആരംഭിക്കുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പുതിയ കാലത്തെ അക്കാദമിക് - കരിയർ താൽപര്യങ്ങൾക്കനുസരിച്ചു സ്വന്തം ബിരുദം രൂപകൽപന ചെയ്യാനാണ് പുതിയ സൗകര്യമൊരുക്കുന്നതെന്നു മന്ത്രി പറഞ്ഞു. ഉദാഹരണമായി, നിലവിൽ കെമിസ്ട്രിയോടൊപ്പം ഫിസിക്‌സും കണക്കും നിർബന്ധമായി പഠിക്കേണ്ടതുണ്ടെങ്കിൽ, പുതിയ സംവിധാനത്തിൽ അത് കെമിസ്ട്രിയോടൊപ്പം ഫിസിക്‌സും ഇലക്ട്രോണിക്‌സും ചേർന്നോ, അല്ലെങ്കിൽ സാഹിത്യവും സംഗീതവും ചേർന്നോ, അതുമല്ലെങ്കിൽ കെമിസ്ട്രി മാത്രമായോ പഠിക്കാനുള്ള അവസരം നൽകും. വിദ്യാർഥിയുടെ അഭിരുചിക്കനുസരിച്ചു പഠനം രൂപകൽപന ചെയ്യാൻ പുതിയ സംവിധാനത്തിന്റെ ഭാഗമായി കലാലയങ്ങളിൽ അക്കാദമിക് കൗൺസിലർമാരുണ്ടാവും.

മൂന്നു വർഷം കഴിയുമ്പോൾ ബിരുദവും നാലു വർഷം കഴിയുമ്പോൾ ഓണേഴ്‌സ് ബിരുദവും ലഭിക്കും. മിടുക്കരായ വിദ്യാർഥികൾക്ക് രണ്ടര വർഷം കൊണ്ടുതന്നെ ബിരുദം പൂർത്തീകരിക്കാനുള്ള അവസരം ഉണ്ടാകും (എൻ മൈനസ് വൺ സംവിധാനം). പഠനത്തിനിടക്ക് താൽപര്യമുള്ള വിദ്യാർഥികൾക്ക് അന്തർസർവകലാശാലാ മാറ്റത്തിനുള്ള അവസരവുമുണ്ടാകും. റെഗുലർ കോളജ് പഠനത്തോടൊപ്പം വിദ്യാർഥികൾക്ക് ഓൺലൈൻ ആയി കോഴ്സുകൾ ചെയ്യാനും അതിലൂടെ ആർജ്ജിക്കുന്ന ക്രെഡിറ്റുകൾ ബിരുദ/ഓണേഴ്‌സ് കോഴ്‌സ് പൂർത്തീകരിക്കാൻ ഉപയോഗപ്പെടുത്താനും സാധിക്കും. ഓരോ കലാലയത്തിന്റെയും പ്രത്യേകതകൾക്കനുസരിച്ചു രീതികൾ തിരഞ്ഞെടുക്കാനും സ്വാതന്ത്ര്യമുണ്ടാകും.

ഒരു സർവകലാശാലക്ക് കീഴിലെ ഒരു കോളജിൽ നടത്തപ്പെടുന്നതു പോലെ ആകണമെന്നില്ല ഒരു കോഴ്‌സോ വിഷയമോ മറ്റൊരു കോളജിൽ പഠിപ്പിക്കുക. ഈ രൂപകൽപനയിലും വിദ്യാർഥികളുടെയും അധ്യാപകരുടെയും പങ്കാളിത്തം ഉണ്ടാകും. വിദ്യാർഥികളുടെ സംശയങ്ങളും പ്രയാസങ്ങളും കാലതാമസമില്ലാതെ പരിഹരിക്കാൻ സർവകലാശാലാ തലത്തിലും കോളജ് തലങ്ങളിലും ഹെൽപ്പ് ഡെസ്ക് ഒരുക്കും. പരമാവധി സേവനങ്ങൾ ഓൺലൈനാക്കും. നൈപുണ്യ വിടവ് നികത്തുന്നതിനായി ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹ്രസ്വകാല വ്യവസായ സംബന്ധിയായ കോഴ്‌സുകൾ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.