കാലതാമസത്തിന്റെ പേരിൽ നീതി നിഷേധിക്കരുത്, സ്ത്രീകളോടൊപ്പം നിൽക്കാനുള്ള ബാധ്യത സുപ്രീംകോടതിക്കുണ്ട്; മന്ത്രി ആർ ബിന്ദു

  1. Home
  2. Trending

കാലതാമസത്തിന്റെ പേരിൽ നീതി നിഷേധിക്കരുത്, സ്ത്രീകളോടൊപ്പം നിൽക്കാനുള്ള ബാധ്യത സുപ്രീംകോടതിക്കുണ്ട്; മന്ത്രി ആർ ബിന്ദു

Bindu


നടൻ സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞ സുപ്രീംകോടതി വിധിയിൽ പ്രതികരണവുമായി മന്ത്രി ആർ. ബിന്ദു. ഏതുകോടതിയാണെങ്കിലും കാലതാമസം ഉണ്ടായെന്ന പേരിൽ നീതി നിഷേധിക്കാൻ പാടില്ലെന്ന് അവർ പറഞ്ഞു. അപമര്യാദയായി സ്ത്രീകളോട് പെരുമാറിയിട്ടുണ്ടെങ്കിൽ മാതൃകാപരമായ ശിക്ഷ അർഹിക്കുന്നു. അതിന് എല്ലാവരും തയ്യാറാവണം. രാജ്യത്തെ പരമോന്നത നീതിപീഠമാണ് സുപ്രീംകോടതി. സ്ത്രീകളോടൊപ്പം നിൽക്കാനുള്ള ബാധ്യത സുപ്രീംകോടതിക്കുണ്ടെന്നും അവർ വ്യക്തമാക്കി.

സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞ് ഇടക്കാല ജാമ്യം അനുവദിച്ച നടപടിയിൽ പ്രതികരിച്ച് കെ. കെ ശൈലജയും രംഗത്തെത്തി. വിധി സർക്കാരിന് എതിരല്ലെന്നും കോടതി വിധിയെ മുൻകൂട്ടി കാണാനാകില്ലെന്നുമാണ് ശൈലജ വിഷയത്തിൽ പ്രതികരിച്ചത്. പൊലീസ് സിദ്ദിഖിനെ സംരക്ഷിക്കുന്ന നടപടി സ്വീകരിച്ചിട്ടില്ല. സിദ്ദിഖിനെ സംരക്ഷിക്കുന്നുവെങ്കിൽ കോടതിയിൽ സർക്കാർ എതിർ വാദം ഉന്നയിക്കുമായിരുന്നില്ല. ഹേമ കമ്മറ്റി നിയോഗിച്ചതിൽ സർക്കാരിനെ അഭിനന്ദിക്കണമെന്നും ശൈലജ ചൂണ്ടിക്കാട്ടി.  

ഹൈക്കോടതി മുൻകൂർജാമ്യം നിഷേധിച്ചതിന് പിന്നാലെ ഒളിവിൽ കഴിയുന്ന സിദ്ദിഖ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ജഡ്ജിമാരായ ബേല എം. ത്രിവേദി, സതീഷ് ചന്ദ്ര ശർമ എന്നിവരുടെ ബെഞ്ചാണ് സിദ്ദിഖിന്റെ അറസ്റ്റ് താത്കാലികമായി തടഞ്ഞത്. രണ്ടാഴ്ചയ്ക്ക് ശേഷം സിദ്ദിഖ് നൽകിയ മുൻകൂർ ജാമ്യ ഹർജി സുപ്രീംകോടതി വീണ്ടും പരിഗണിക്കും. അതുവരെയാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്.