'വീരമൃത്യു വരിച്ച അഗ്നിവീറിന് ലഭിച്ചത് ഇൻഷുറൻസ്; നഷ്ടപരിഹാരമല്ല': വീണ്ടും കേന്ദ്രത്തിനെതിരേ രാഹുൽ ഗാന്ധി

  1. Home
  2. Trending

'വീരമൃത്യു വരിച്ച അഗ്നിവീറിന് ലഭിച്ചത് ഇൻഷുറൻസ്; നഷ്ടപരിഹാരമല്ല': വീണ്ടും കേന്ദ്രത്തിനെതിരേ രാഹുൽ ഗാന്ധി

RAHUL


അഗ്നിവീർ പദ്ധതിയിൽ കേന്ദ്രത്തെ വീണ്ടും കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വീരമൃത്യുവരിച്ച അഗ്നിവീർ അജയ് കുമാറിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്ന് രാഹുൽ ആവർത്തിച്ചു. ഇൻഷുറൻസ് തുകയും നഷ്ടപരിഹാരവും രണ്ടും രണ്ടാണെന്നും രാഹുൽ കേന്ദ്രത്തെ ഓർമ്മിപ്പിച്ചു. എക്സ് പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ കൂടിയാണ് അഗ്നിവീർ വിഷയത്തിൽ രാഹുൽ വീണ്ടും കേന്ദ്രത്തിനെതിരെ രംഗത്തെത്തിയത്.

സേവനത്തിനിടെ വീരമൃത്യു വരിച്ച അഗ്നിവീർ അജയ് കുമാറിന്റെ കുടുംബാഗങ്ങൾക്ക് യാതൊരു വിധത്തിലുള്ള നഷ്ടപരിഹാരവും സർക്കാരിന്റെ ഭാഗത്ത് നിന്ന് ലഭിച്ചിട്ടില്ല. സ്വകാര്യ ബാങ്കിൽ നിന്ന് 50 ലക്ഷം രൂപ ഇൻഷുറൻസും ആർമി ഗ്രൂപ്പ് ഇൻഷുറൻസ് ഫണ്ടിൽ നിന്ന് 48 ലക്ഷം രൂപയുമാണ് കുടുംബത്തിന് ലഭിച്ചത്.

അല്ലാതെ സർക്കാരിന്റെ ഭാഗത്ത് നിന്ന് എക്സ് ഗ്രേഷ്യാ പേയ്മെന്റായി യാതൊന്നും തന്നെ ലഭിച്ചില്ലെന്ന് രാഹുൽ വീഡിയോയിൽ ആരോപിച്ചു. ശമ്പള കുടിശ്ശിക പോലും അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ചിട്ടില്ലെന്നും കുടിശ്ശികയായിക്കിടക്കുന്ന ശമ്പളം അയച്ചു കൊടുക്കാത്തതെന്തു കൊണ്ടെന്നും രാഹുൽ വീഡിയോയിൽ ചോദിച്ചു.

നഷ്ടപരിഹാരവും ഇൻഷുറൻസും രണ്ടും രണ്ടാണെന്ന് പറഞ്ഞ രാഹുൽ ഈ ദിവസം വരെ വീരമൃത്യു വരിച്ച അജയ് കുമാറിന്റെ കുടുംബത്തിന് യാതൊരു നഷ്ടപരിഹാരവും ലഭിച്ചിട്ടില്ലെന്ന് ആവർത്തിച്ചു. ഇൻഷുറൻസ് കമ്പനിയാണ് വീരമൃത്യുവരിച്ച അഗ്നിവീറിന്റെ കുടുംബത്തിന് തുക കൈമാറിയത്. അല്ലാതെ സർക്കാരിന്റെ ഭാഗത്ത് നിന്ന് നഷ്ടപരിഹാരമായിട്ടല്ല തുക നൽകിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ചവരുടെ കുടുംബാംഗങ്ങളെ നിർബന്ധമായും ആദരിക്കണമെന്ന് പറഞ്ഞ രാഹുൽ, മോദി സർക്കാർ അവരെ വിവേചനപൂർവമാണ് കാണുന്നതെന്നും ആരോപിച്ചു. കേന്ദ്രം എന്തു പറയുന്നു എന്നത് തനിക്കറിയേണ്ടതില്ലെന്നും ഇത് രാജ്യസുരക്ഷ സംബന്ധിച്ച കാര്യമാണെന്നും വിഷയം ഉന്നയിച്ചു കൊണ്ടേയിരിക്കുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.

കുഴിബോംബ് സ്‌ഫോടനത്തില്‍ ജീവന്‍ നഷ്ടപ്പെട്ട അഗ്നിവീറിനെ ഞാന്‍ 'രക്തസാക്ഷി' എന്നാണ് പറയുന്നത്. എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അദ്ദേഹത്തെ രക്തസാക്ഷി എന്നല്ല വിളിക്കുന്നത്. നരേന്ദ്ര മോദി, അദ്ദേഹത്തെ രക്തസാക്ഷി എന്നല്ല വിളിക്കുന്നത് അഗ്നിവീര്‍ എന്നാണ്. മരിച്ചയാളുടെ കുടുംബത്തിന് പെന്‍ഷനോ നഷ്ടപരിഹാരമോ ലഭിക്കില്ല എന്നായിരുന്നു രാഹുല്‍ ലോക്സഭയിൽ പറഞ്ഞത്.

എന്നാൽ, രാഹുൽ തെറ്റായ പ്രസ്താവനകള്‍ നടത്തുകയാണെന്നും അതിര്‍ത്തി സംരക്ഷിക്കുന്നതിനിടെയോ യുദ്ധത്തിലോ ജീവന്‍ ബലികഴിക്കുന്ന അഗ്നിവീറിന്റെ കുടുംബത്തിന് ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതിലാണ് ഇപ്പോൾ രാഹുൽ വീണ്ടും വിശദീകരണവുമായി കേന്ദ്രത്തിനെതിരേ രംഗത്തെത്തിയത്.