ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് അസമും മണിപ്പൂരും സന്ദർശിക്കും

  1. Home
  2. Trending

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് അസമും മണിപ്പൂരും സന്ദർശിക്കും

rahul


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് അസമും മണിപ്പൂരും സന്ദർശിക്കും. അസമിലെ പ്രളയബാധിത ജില്ലയായ കാച്ചാറിലാവും ആദ്യം രാഹുൽ ഗാന്ധി എത്തുക. ഇവിടുത്തെ ഫുലെർത്തലിൽ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിയവരെ രാഹുൽ ഗാന്ധി കാണും. ഇതിനു ശേഷമാകും രാഹുൽ ഗാന്ധി മണിപ്പൂരിലെത്തുക. അടുത്തിടെ സംഘർഷം നടന്ന മണിപ്പൂരിലെ ജിരിബാമിലെത്തി പലായനം ചെയ്യേണ്ടി വന്നവരോട് രാഹുൽ സംസാരിക്കും. പിന്നീട് ഇംഫാലിൽ എത്തുന്ന രാഹുൽ ഗാന്ധി ചുരാചന്ദ്പൂരിലും മൊയിറാങിലും ദുരിതാശ്വാസ ക്യംപുകൾ സന്ദർശിക്കും. രണ്ട് വിഭാഗങ്ങളിലെയും നേതാക്കളുമായി രാഹുൽ ചർച്ച നടത്തും. സംസ്ഥാന ഗവർണ്ണർ അനസൂയ ഉയിക്കയെ കണ്ട ശേഷം രാഹുൽ വാർത്താ സമ്മേളനം നടത്തുമെന്ന് കോൺഗ്രസ് അറിയിച്ചു.

പ്രതിപക്ഷ നേതാവായ ശേഷം ആദ്യമായാണ് രാഹുൽ മണിപ്പൂരിലെത്തുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിൽ മണിപ്പൂരിലെ രണ്ടു സീറ്റുകളിലും വിജയിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് രാഹുൽ ഗാന്ധിയും സംസ്ഥാന കോൺഗ്രസും. രാഹുലിന്‍റെ സന്ദർശനം ചർച്ച ചെയ്യാൻ കോൺഗ്രസ് എം പിമാർ കൂടി പങ്കെടുത്ത യോഗം ഇന്നലെ ഇംഫാലിൽ ചേർന്നിരുന്നു. ഇന്ന് രാഹുൽ പി സി സി നേതാക്കളുമായും കൂടിക്കാഴ്ച നടത്തും.

അതേസമയം ഇതാദ്യമായല്ല രാഹുലിന്റെ മണിപ്പൂർ സന്ദർശനം. നേരത്തെ മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ച രാഹുൽ, പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി ജെ പിയും മണിപ്പൂരിലെ കലാപവും ആക്രമണങ്ങളും കണ്ടില്ലെന്ന് നടക്കുകയാണെന്നും ആവർത്തിച്ചിരുന്നു. പ്രതിപക്ഷ നേതാവ് ആയ ശേഷമുളള ആദ്യ ലോക്സഭാ പ്രസംഗത്തിലും രാഹുൽ മണിപ്പൂർ  വിഷയം പാർലമെന്റിൽ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള ആദ്യ മണിപ്പൂർ സന്ദർശനം.