രാഹുലിനെതിരായ പാർട്ടി നടപടി ഇന്ന്; എംഎൽഎയായി തുടരും, പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യാൻ നീക്കം
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം ഒഴിയുമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം ഇന്ന്. എംഎൽഎ ആയി തുടരുമെന്നാണ് നിലവിലെ സൂചന. എന്നാൽ, ആരോപണവിധേയനായ ഒരാളെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യണമെന്ന അഭിപ്രായത്തിനാണ് ഇപ്പോൾ മുൻതൂക്കം. രാഹുലിനെതിരെയുള്ള ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഒരു സമിതിയെ നിയോഗിക്കാൻ പാർട്ടി തീരുമാനിച്ചിട്ടുണ്ട്. നിയമോപദേശമനുസരിച്ച്, രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചാൽ ആ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവരും. ഈ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് രാഹുലിനെ സസ്‌പെൻഡ് ചെയ്യുക എന്ന തീരുമാനത്തിലെത്തിയത്. രണ്ടു ഉപതിരഞ്ഞെടുപ്പുകൾ ഉണ്ടാകുന്നത് പാർട്ടിക്ക് തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് രാജി ആവശ്യത്തിൽ നിന്ന് പിന്നോട്ട് പോകാനുള്ള പ്രധാന കാരണം. ഹൈക്കമാൻഡും രാഹുലിനെ കൈവിട്ടതോടെ, അദ്ദേഹം രാജിവെക്കുന്നതാണ് ഉചിതമെന്ന് രമേശ് ചെന്നിത്തലയും വി.ഡി. സതീശനും തീരുമാനിച്ചിരുന്നു. ഇരുവരും ഈ നിലപാട് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെ അറിയിക്കുകയും ചെയ്തു.
പാർട്ടി തലത്തിൽ രാഹുലിനെതിരെ കർശന നടപടി വേണമെന്ന തീരുമാനമാണ് സസ്‌പെൻഷനിലേക്ക് എത്തിച്ചത്. രാഹുലിനെ പാർലമെന്ററി പാർട്ടിയിൽ നിന്ന് മാറ്റിനിർത്താനും സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ, ഈ മാസം 15ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ നിന്ന് രാഹുൽ അവധിയെടുക്കാൻ സാധ്യതയുണ്ട്. രാജി ആവശ്യപ്പെട്ട കോൺഗ്രസ് നേതാക്കളിൽ മുൻ കെപിസിസി അധ്യക്ഷൻ വി.എം. സുധീരനും ഉൾപ്പെട്ടിരുന്നു. എത്രയും വേഗം രാജി വെക്കുന്നതാണ് പാർട്ടിക്ക് നല്ലതെന്നാണ് അദ്ദേഹം അറിയിച്ചത്. ഈ 'വിഴുപ്പ്' ചുമക്കേണ്ട ബാധ്യത പാർട്ടിക്കില്ലെന്ന് ജോസഫ് വാഴയ്ക്കനും ശക്തമായ നിലപാട് എടുത്തിരുന്നു.
ഞായറാഴ്ച മാധ്യമങ്ങളെ കണ്ട രാഹുൽ മാങ്കൂട്ടത്തിൽ താൻ കാരണം പാർട്ടി പ്രതിസന്ധിയിലാകില്ലെന്ന് വ്യക്തമാക്കിയിരുന്നു. താൻ മൂലം പാർട്ടിക്ക് തലകുനിക്കേണ്ടി വരരുതെന്നും, പാർട്ടി പ്രവർത്തകരോട് ക്ഷമ ചോദിക്കുന്നതായും, പാർട്ടിക്കുവേണ്ടി പ്രതിരോധം തീർത്ത വ്യക്തിയാണ് താനെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
