പാലക്കാട് ലീഡ് തിരിച്ച് പിടിച്ച് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ
പാലക്കാട്ട് ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനെ പിന്നിലാക്കി യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തലിന്റെ മുന്നേറ്റം. പതിവുപോലെ എന്‍.ഡി.എ സ്ഥാനാര്‍ഥി സി.കൃഷ്ണകുമാറിന്റെ നഗരസഭാ മുന്നേറ്റത്തിന് മുന്നില്‍ രാഹുല്‍ മാങ്കൂട്ടം ഒപ്പമെത്താന്‍ കിതച്ചെങ്കിലും പിന്നീട് ലീഡുയര്‍ത്തുന്ന കാഴ്ചയാണ് കാണുന്നത്.
2021-ൽ ഫോട്ടോ ഫിനിഷിലൂടെയായിരുന്നു മെട്രോമാന്‍ ഇ.ശ്രീധരനെതിരെ ഷാഫി പറമ്പിലിന്റെ ഹാട്രിക് വിജയം. വോട്ടെണ്ണലിന്റെ ഒമ്പതാം റൗണ്ടില്‍ പോലും കഴിഞ്ഞ തവണ ഷാഫിക്കെതിരേ 9046 വോട്ടിന്റെ ലീഡുയര്‍ത്തന്‍ ഇ.ശ്രീധരന് കഴിഞ്ഞിരുന്നു. പക്ഷെ, നഗരസഭാ പരിധിയില്‍നിന്ന് ഗ്രാമസഭാ പരിധിയിലേക്ക് വോട്ടെണ്ണല്‍ എത്തിയതോടെ ശ്രീധരന്റെ ലീഡ് കുത്തനെ താഴുകയായിരുന്നു. ഒടുവില്‍ 3859 വോട്ടിന്റെ ലീഡില്‍ ഷാഫി വിജയിച്ചുകയറുകയും ചെയ്തു.
ഇത്തവണ രാഹുല്‍ മാങ്കൂട്ടത്തിന്റെ സ്ഥാനാര്‍ഥിത്വം, ഡോ.പി.സരിന്‍ കോണ്‍ഗ്രസ് വിട്ട് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായുള്ള മത്സരം, ബി.ജെ.പി സംസ്ഥാന സമിതി അംഗമായിരുന്ന സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനം, പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കം എന്നിവയെല്ലാം കോണ്‍ഗ്രസിന് തലവേദന ആയിരുന്നുവെങ്കില്‍ ഇതിനെ മറികടക്കുന്നതാണ് വോട്ടിങ് എന്നാണ് രാഹുലിന്‍റെ മുന്നേറ്റം നൽകുന്ന സൂചന.