രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. സ്ഥാനം രാജിവെക്കണം; പാർട്ടിയിൽ തുടരാൻ യോഗ്യതയില്ലെന്ന് വി.എം. സുധീരൻ

  1. Home
  2. Trending

രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. സ്ഥാനം രാജിവെക്കണം; പാർട്ടിയിൽ തുടരാൻ യോഗ്യതയില്ലെന്ന് വി.എം. സുധീരൻ

vm sudheeran


ലൈംഗിക പീഡനക്കേസിൽ ആരോപണവിധേയനായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. പദവി രാജിവെക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ സാങ്കേതികത്വം നോക്കാതെ എത്രയും വേഗത്തിൽ കർശനവും മാതൃകാപരവുമായ നടപടി സ്വീകരിക്കാൻ പാർട്ടി നേതൃത്വം തയ്യാറാകണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കെ.പി.സി.സി. അധ്യക്ഷൻ, വി.ഡി. സതീശൻ എന്നിവരുമായി സംസാരിച്ചെന്നും സുധീരൻ അറിയിച്ചു. "രാഹുൽ നിയമസഭാ അംഗത്വം രാജിവെച്ച് ഒഴിവായി പോകുന്നതാണ് ഉചിതം. പ്രശ്നം ഇപ്പോൾ കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്. വിഷയം ഗൗരവത്തിൽ കൈകാര്യം ചെയ്യേണ്ടതുണ്ട്. രാഷ്ട്രീയധാർമികത പ്രധാനമാണ്. കോൺഗ്രസ് പാർട്ടിയിൽ തുടരാനുള്ള ഒരു യോഗ്യതയും അദ്ദേഹത്തിനില്ല. എത്രയും പെട്ടെന്ന് പാർട്ടി നേതൃത്വം ഇയാളെ പുറത്താക്കണം," അദ്ദേഹം വ്യക്തമാക്കി. രാഹുൽ വിഷയത്തിൽ പാർട്ടി നേതൃത്വം ഉടൻ നടപടി സ്വീകരിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും സുധീരൻ കൂട്ടിച്ചേർത്തു. പീഡന ആരോപണത്തിൽ കേസെടുത്തതിനു പിന്നാലെ രാഹുൽ ഒളിവിലാണ്. ഏഴ് ദിവസം പിന്നിടുമ്പോഴാണ് പാർട്ടിക്കുള്ളിൽ നിന്ന് എതിർപ്പുകൾ ശക്തമായിരിക്കുന്നത്.

രാഹുൽ മാങ്കൂട്ടത്തിലിനെ ഉടൻ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് കോൺഗ്രസ് നേതാവ് ഷമ മുഹമ്മദും ആവശ്യപ്പെട്ടു. രാഹുലിന് നട്ടെല്ലും നിലപാടും ഉണ്ടെങ്കിൽ ഒളിവിലിരിക്കാതെ പുറത്തുവരണം. കീഴടങ്ങാൻ തയ്യാറാകാതെ പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന നടപടി ശരിയല്ലെന്നും ഷമ പ്രതികരിച്ചു.

അതേസമയം, രാഹുലിനെതിരെ ഉചിതമായ സമയത്ത് നടപടി തീരുമാനിക്കുമെന്ന് കെ.പി.സി.സി. പ്രസിഡൻ്റ് സണ്ണി ജോസഫ് പ്രതികരിച്ചു. രാഹുലിനെതിരെ ആദ്യം വാർത്ത വന്നപ്പോൾ തന്നെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവെപ്പിച്ചു. നിയമസഭ സമ്മേളിക്കുന്ന ഘട്ടമായപ്പോൾ പാർലമെന്ററി പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു. സസ്പെൻഡ് ചെയ്ത കാര്യം സ്പീക്കർക്ക് പ്രതിപക്ഷ നേതാവ് കത്ത് നൽകിയതിനാൽ രാഹുൽ നിയമസഭയിൽ പ്രത്യേകമായാണ് ഇരുന്നതെന്നും, അത്രയും ശക്തമായ നിലപാട് കോൺഗ്രസ് സ്വീകരിച്ചെന്നും സണ്ണി ജോസഫ് ആലപ്പുഴയിൽ പ്രതികരിച്ചു.