ഖത്തറിൽ മഴ തുടരുന്നു; വെള്ളിയാഴ്ച വരെ ജാഗ്രതാ നിർദ്ദേശം, തണുപ്പും വർധിക്കുന്നു

  1. Home
  2. Trending

ഖത്തറിൽ മഴ തുടരുന്നു; വെള്ളിയാഴ്ച വരെ ജാഗ്രതാ നിർദ്ദേശം, തണുപ്പും വർധിക്കുന്നു

qatar


ഖത്തറിൽ വരും ദിവസങ്ങളിലും മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചൊവ്വാഴ്ച പുലർച്ചെ മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ലഭിച്ചു. വെസ്റ്റ് ബേ, സൂഖ് വാഖിഫ്, അൽ റയ്യാൻ, വക്ര തുടങ്ങി പ്രമുഖ നഗരങ്ങളിലെല്ലാം നേരിയ മഴയും മേഘാവൃതമായ അന്തരീക്ഷവുമാണ് അനുഭവപ്പെട്ടത്. വരും ദിവസങ്ങളിലും ഇടയ്ക്കിടെ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വെള്ളിയാഴ്ച വരെ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

ശൈത്യകാലം ശക്തിപ്രാപിച്ചതോടെ രാജ്യത്ത് താപനിലയിലും വലിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. അൽ ഗുവൈരിയ സ്റ്റേഷനിൽ 16 ഡിഗ്രി സെൽഷ്യസ് ആണ് കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. തലസ്ഥാനമായ ദോഹയിൽ 21 ഡിഗ്രി സെൽഷ്യസാണ് താപനില. ന്യൂനമർദ്ദത്തിന്റെ ഫലമായി വരും ദിവസങ്ങളിൽ അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്കും വിനോദസഞ്ചാരികൾക്കും പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. സാധാരണ 3 മുതൽ 7 അടി വരെ ഉയരുന്ന തിരമാലകൾ ഇടിമിന്നലുള്ള സമയത്ത് 10 അടി വരെ ഉയരാൻ സാധ്യതയുണ്ട്. വെള്ളിയാഴ്ച രാവിലെ വരെ മഴയ്ക്കുള്ള സാഹചര്യം നിലനിൽക്കുമെന്നാണ് റിപ്പോർട്ട്. പൊതുജനങ്ങൾ ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും കാലാവസ്ഥാ വിഭാഗം അഭ്യർത്ഥിച്ചു.