യുഎഇയിൽ വീണ്ടും മഴയെത്തി; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും പോലീസും

  1. Home
  2. Trending

യുഎഇയിൽ വീണ്ടും മഴയെത്തി; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും പോലീസും

uae rain


യുഎഇയിൽ വീണ്ടും മഴയെത്തി. ചൊവ്വാഴ്ച രാവിലെ മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. മാർച്ച് 31, ഏപ്രിൽ 1 തീയതികളിൽ രാജ്യത്ത് മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) നേരത്തെ തന്നെ പ്രവചിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ 7:20 മുതൽ ഏപ്രിൽ 1 ബുധനാഴ്ച പുലർച്ചെ 12:20 വരെയാണ് നിലവിൽ മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയിലെ അപേക്ഷിച്ച് മഴയുടെ തീവ്രത കുറവായിരിക്കുമെങ്കിലും ചിലയിടങ്ങളിൽ ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

മഴയെത്തുടർന്ന് റോഡുകളിൽ കാഴ്ചപരിധി കുറയുന്നതിനാലും റോഡുകൾ വഴുക്കലുള്ളതാകാൻ സാധ്യതയുള്ളതിനാലും വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ദുബായ്, അബുദാബി, ഷാർജ പോലീസ് വകുപ്പുകൾ കർശന നിർദ്ദേശം നൽകി. വാഹനങ്ങൾ തമ്മിൽ കൃത്യമായ അകലം പാലിക്കണമെന്നും ടയറുകൾ, വൈപ്പറുകൾ, ലൈറ്റുകൾ എന്നിവ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തണമെന്നും ദുബായ് പോലീസ് അറിയിച്ചു. നനഞ്ഞ റോഡുകളിൽ വേഗത കുറയ്ക്കണമെന്നും പെട്ടെന്ന് ബ്രേക്ക് ഇടുന്നത് ഒഴിവാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. താഴ്ന്ന പ്രദേശങ്ങൾ, വാദികൾ, വെള്ളക്കെട്ടുകൾ എന്നിവിടങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും കടലിലും ബീച്ചുകളിലും പോകുന്നത് ഒഴിവാക്കാനും നിർദ്ദേശമുണ്ട്.

അബുദാബി പോലീസ് ഇലക്ട്രോണിക് ബോർഡുകളിൽ പ്രദർശിപ്പിക്കുന്ന വേഗപരിധിയിലെ മാറ്റങ്ങൾ ശ്രദ്ധിക്കണമെന്നും അതനുസരിച്ച് യാത്ര ക്രമീകരിക്കണമെന്നും അറിയിച്ചു. സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ മറ്റ് വാഹനങ്ങളുടെ നീക്കങ്ങൾ ശ്രദ്ധിക്കണമെന്നും പോലീസ് ഓർമ്മിപ്പിച്ചു. യുഎഇയിൽ മഴ തുടരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും ജാഗ്രത തുടരണമെന്നാണ് അധികൃതരുടെ നിർദ്ദേശം.