രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പ്; മുഴുവൻ സീറ്റിലും മത്സരിക്കാനൊരുങ്ങി എഎപി

ഈ വര്ഷം അവസാനം നടക്കാനിരിക്കുന്ന രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി ആം ആദ്മി പാര്‍ട്ടി. അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച ജയ്പൂരില്‍ പാര്‍ട്ടി 'തിരംഗാ റാലി' സംഘടിപ്പിച്ചു. സംഗനേരി ഗേറ്റ് മുതല്‍ അജ്‌മേരി ഗേറ്റ് വരെയായിരുന്നു റാലി ഉണ്ടായിരുന്നത്. വർഷങ്ങളായി ബിജെപിയും കോൺഗ്രസും മാറിമാറി ഭരിക്കുന്ന സംസ്ഥാനത്ത് എ.എ.പിയ്ക്ക് കൂടി ഒരു അവസരം നൽകൂവെന്ന് റാലിക്കിടെ കെജ്‌രിവാള്‍ അഭ്യർത്ഥിച്ചു.
"അശോക് ഗെഹ്‌ലോതും വസുന്ധര രാജെയും നല്ല സുഹൃത്തുക്കളാണ്. സാധാരണക്കാര്‍ക്കു കൂടി ഒരു അവസരം തരൂ." എന്നാണ് കെജ്‌രിവാള്‍ പറഞ്ഞത്. ഒരു വട്ടം കോൺഗ്രസ് ഭരിച്ചാൽ അടുത്ത വട്ടം ബിജെപി,പിന്നെ വീണ്ടും കോൺഗ്രസ് എന്നതാണ് രാജസ്ഥാനിലെ പതിവ്. സംസ്ഥാനത്തെ കോണ്‍ഗ്രസിലും ബി.ജെ.പിയിലും ആഭ്യന്തര കലഹങ്ങളും നിരവധിയാണ്. കോണ്‍ഗ്രസിലെ അശോക് ഗഹ്‌ലോതും സച്ചിന്‍ പൈലറ്റും തമ്മിൽ ഇപ്പോഴും പോര് നടന്നു കൊണ്ടിരിക്കുകയാണ്. രാജ്യസ്ഥാന്റെ മുൻ മുഖ്യമന്ത്രിയും ബിജെപിയുടെ മുതിർന്ന നേതാവുമായ വസുന്ധര രാജെയ്ക്ക് പല വിഷയങ്ങളിലും അമിത് ഷായുമായും കേന്ദ്രനേതൃത്വമായും ഭിന്നതകളുണ്ട്. ഈ സാഹചര്യങ്ങൾ മുതലെടുത്ത് വിജയിക്കാനാണ് എഎപിയുടെ ശ്രമം.
ആകെ 200 നിയമസഭാ സീറ്റുകളുള്ള രാജ്യസ്ഥാനിൽ എല്ലാ സീറ്റിലും മത്സരിക്കാനാണ് എഎപിയുടെ നീക്കം.ഹനുമാന്‍ഗഢ്, ഗംഗാനഗര്‍, ബിക്കാനീര്‍, പഞ്ചാബിനടുത്തുള്ള ചുരു എന്നീ സ്ഥലങ്ങളിൽ പാർട്ടിക്ക് വിജയ പ്രതീക്ഷയുണ്ട്. എന്നാൽ നാലുലക്ഷം അംഗങ്ങൾ മാത്രമാണ് എഎപിക്ക് സംസ്ഥാനത്തുള്ളത്.